Site iconSite icon Janayugom Online

റഷ്യക്കുമേല്‍ ഉപരോധം കടുപ്പിച്ച് ഇയു

ഉക്രെ‌യ്‌നിലെ പ്രത്യേക സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയിൽനിന്നുള്ള എണ്ണയ്ക്ക് വിലക്കേർപ്പെടുത്തുന്നത് കൂടാതെയുള്ള ഉപരോധങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇയു കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ പറഞ്ഞു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ആറുമാസത്തിനകം ക്രൂഡ് ഓയിലിന്റെയും വർഷാവസാനത്തോടെ ശുദ്ധീകരിച്ച ഉല്പന്നങ്ങളുടെയും ഇറക്കുമതി അവസാനിപ്പിക്കും.

അംഗ രാജ്യങ്ങൾക്ക് ബദൽ സംവിധാനങ്ങൾ കണ്ടെത്തുന്നതിനും ആഗോള വിപണിയിലെ ആഘാതം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന വിധത്തിൽ റഷ്യൻ എണ്ണയുടെ ഉപയോഗത്തിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും ഉർസുല വോൺ വ്യക്തമാക്കി. ട്വീറ്റുകളിലൂടെയാണ് ഉര്‍സുല ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ഏറ്റവും വലിയ ബാങ്കായ സ്ബർബാങ്കിനെയും മറ്റു രണ്ടു ബാങ്കുകളെയുമാണ് സ്വിഫ്റ്റ് സിസ്റ്റത്തിൽനിന്ന് നീക്കുക. ലോകമെമ്പാടുമുള്ള ധനകാര്യസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമാണ് സ്വിഫ്റ്റ്. റഷ്യൻ ബാങ്കിങ് മേഖലയെ ആഗോള സംവിധാനത്തിൽനിന്ന് പൂർണമായി ഒറ്റപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉക്രെയ്‌നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായ ഓരോരുത്തരുടെയും പട്ടിക തയാറാക്കണം.

ഇയുവിന്റെ കീഴിൽ ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും വേണം. യൂറോപ്യൻ ‘എയർവേവ്’സിനു കീഴിലുള്ള റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് സംപ്രേക്ഷണ നിലയങ്ങളെയും നിരോധിക്കണം. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നുണകൾ പ്രചരിപ്പിക്കുന്നതെന്നും ഉർസുല പറഞ്ഞു. റഷ്യയുമായുള്ള ഇന്ധന ഇടപാടുകൾ നിർത്തലാക്കുന്നത് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് മറികടക്കാനായി കൂടുതൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കാൻ നമുക്കാവും. ഉക്രെയ്ൻ നഗരങ്ങളുടെ പുനരുദ്ധാരണത്തിന് വലിയ നിക്ഷേപം ആവശ്യമാണ്. ഇതിനായി ലോകരാജ്യങ്ങൾ കൈകോർക്കണം. ക്രൂരതകൾക്ക് പുടിൻ വലിയ വില നൽകേണ്ടി വരുമെന്നും ഉര്‍സുല പറഞ്ഞു. കമ്മിഷന്റെ നിർദേശങ്ങൾ പ്രാവർത്തികമാകണമെങ്കിൽ 27 അംഗ രാജ്യങ്ങളുടെ അനുമതി ആവശ്യമാണ്. നിലവിൽ ഇയു അംഗങ്ങളായ ഹംഗറിയും സ്ലൊവാക്യയുമാണ് റഷ്യൻ ഇന്ധനത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നവര്‍. ഇവർക്ക് റഷ്യന്‍ ആശ്രിതത്വം ഒഴിവാക്കാൻ കുറച്ചുകൂടി സമയം നീട്ടി നൽകിയേക്കും.

Eng­lish summary;EU tight­ens sanc­tions on Russia

You may also like this video;

Exit mobile version