Site iconSite icon Janayugom Online

യൂറോകപ്പ്: ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക്; കെയ്ന്‍— ഓല്‍മോ യുദ്ധം

യുവേഫ യൂറോകപ്പ് ഫൈനലിൽ സ്പെയിൻ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ശ്രദ്ധേയമാകുന്നത് ഗോള്‍ഡന്‍ ബൂട്ടിനുവേണ്ടിയുള്ള പോരാട്ടം. നാളെ അര്‍ധരാത്രി 12.30ന് ബെര്‍ലിനിലാണ് യൂറോ ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന മത്സരം അരങ്ങേറുക. യൂറോയിൽ ഇരു ടീമുകളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. 1980 ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ട് 2–1 ന് വിജയിച്ചു. പിന്നീട് 1996 ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടില്‍ വിജയം നേടുകയും ചെയ്തിരുന്നു. സെമിയിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സ്പെയിന്‍ ഫൈനലിലെത്തിയത്. ഇംഗ്ലണ്ട് നെതർലൻഡിനെ തോല്പിച്ച് കലാശപ്പോരിന് യോഗ്യത നേടി.

ആരാകും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനാവുകയെന്ന പോരാട്ടവും ഫൈനലിനെ ശ്രദ്ധേയമാക്കുന്നു.
സ്‌പെയിനിന്റെ ഡാനി ഓൾമോയും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നും മൂന്ന് ഗോളുകള്‍ നേടി മുന്നിലുണ്ട്. ഡച്ച് താരം കോഡി ഗാക്‌പോ, ജോർജിയയുടെ ജോർജസ് മിക്കൗതാഡ്‌സെ, സ്ലോവാക്യയുടെ ഇവാന്‍ ഷ്രാന്‍സ്, ജര്‍മ്മനിയുടെ ജമാല്‍ മുസിയാല എന്നിവർക്കും മൂന്ന് ഗോളുകള്‍ വീതം ഇത്തവണ നേടാനായി. അത്‌ലറ്റിക് ബിൽബാവോ ഗോൾകീപ്പർ ഉനായ് സൈമണിന്റെ പ്രതിരോധം മറികടക്കുകയാണ് കെയ്‌ന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. പരിക്കേറ്റ പെഡ്രിക്ക് പകരമെ ത്തിയ ഓല്‍മോ മധ്യനിരയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഓല്‍മോയെ തടയുന്നതിനുള്ള ബാധ്യത ഇംഗ്ലണ്ടിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനായിരിക്കും. ഇത് ഫൈനലിലെ ഏറ്റവും നിർണായകമായ വ്യക്തിഗത പോരാട്ടമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
രണ്ട് അസിസ്റ്റുകള്‍ കൂടി സ്വന്തമായ ഓല്‍മോ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാര റാങ്കിങ്ങില്‍ ഹാരി കെയ്‌നെക്കാള്‍ മുന്നിലാണ്. കെയ്നെ അപേക്ഷിച്ച് 200 മിനിറ്റോളം കുറവാണ് ഓല്‍മോ കളത്തിലിറങ്ങിയിട്ടുള്ളതെന്നതും ശ്രദ്ധേയം. അതേസമയം ഗോള്‍നില തുല്യമായാല്‍ പുരസ്കാരം പങ്കിട്ടുനല്‍കുമെന്നാണ് യുവേഫയുടെ പുതിയ പ്രഖ്യാപനം. 

ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം, സ്പെയിന്റെ ഫാബിയന്‍ റൂയിസ് എന്നിവര്‍ക്ക് രണ്ട് ഗോളുകള്‍ വീതമുണ്ട്. ഗോള്‍ വേട്ടയില്‍ മുന്നിലെത്താന്‍ ഇവര്‍ക്കും അവസരമുണ്ട്. 22 വയസോ അതിൽ താഴെയോ പ്രായമുള്ള മികച്ച കളിക്കാരന് നൽകുന്ന ടൂർണമെന്റിലെ യങ് പ്ലെയർ അവാർഡും ഫൈനലിലെ പ്രകടനമായിരിക്കും നിശ്ചയിക്കുക. ഫുട്‌ബോളിലെ ‘അടുത്ത വിസ്മയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് കൗമാരതാരം ലാമിന്‍ യമാലിന് വെല്ലുവിളിയാവുക ഇംഗ്ലണ്ടിന്റെ സിനദിന്‍ സിദാന്‍ എന്നറിയപ്പെടുന്ന ജൂഡ് ബെല്ലിങ്ഹാമായിരിക്കും. ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരം കോബി മെയ്നോയുടെ പ്രകടനവും ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരത്തിനും യമാല്‍, ബെല്ലിങ്ഹാം, ഓല്‍മോ, കെയ്ന്‍ തുടങ്ങിയവര്‍ തന്നെയാണ് മുന്നില്‍. സ്പെയിന്റെ റോഡ്രി ഹെര്‍ണാണ്ടസിന്റെ പേരും പട്ടികയിലുണ്ട്. 

Eng­lish Sum­ma­ry: EuroCup: Gold­en Boot Arc; Bat­tle of Caen-Olmo
You may also like this video

Exit mobile version