Site icon Janayugom Online

യൂറോപ്യൻ ഫുട്ബോളിൽ പ്രാമാണികത്വം വെല്ലുവിളിക്കപ്പെടുന്നു

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ക്വാളിഫയിങ് മത്സരങ്ങളിൽ നിന്ന് കടന്നുവന്ന എട്ടു ടീമുകൾ ക്വാർട്ടർ ഫൈനലിൽ മുഖാമുഖം കാണുവാൻ പോകുകയാണ്. ഏപ്രിൽ ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുക. ലിവർപൂൾ ബെൻഫിക്കയോടും ബയേൺ മ്യൂണിക്ക് വിയ്യാറലിനോടും ചെൽസി റയൽമാഡ്രിഡിനോടും മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റികോ മാഡ്രിഡിനോടുമാണ് കളിക്കുക.
അട്ടിമറികൾ നേർസാക്ഷ്യമായ പ്രീക്വാർട്ടർ മത്സരങ്ങൾ പ്രമുഖരുടെ കദനകഥകളാണ് രേഖപ്പെടുത്തിയത്. മെസിയും ക്രിസ്റ്റ്യാനോയും നെയ്മറും എംബാപ്പെയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗാണ് ഇത്തവണ ആരാധകലോകത്തിന് മുൻപിൽ എത്തിച്ചേരുന്നത്. ആധുനിക ഫുട്ബോളിന്റെ പോരാട്ടവീര്യം ശരിക്കും പ്രകടമായ മത്സരങ്ങളാണ് പ്രാഥമിക മത്സരങ്ങളിലും പ്രീ ക്വാർട്ടറിലും കണ്ടത്. പുതിയ കളിക്കാർക്ക് പ്രചരണമൂല്യവും പ്രാഗത്ഭ്യതയുടെ പരിവേഷവും ഇല്ലെങ്കിലും കാൽപ്പന്തുകൊണ്ട് കാവ്യ രചന നടത്താൻ ഞങ്ങൾക്കും അറിയാമെന്ന് അവർ പറയാതെ കളിച്ചു കാണിക്കുകയായിരുന്നു. ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ സിറ്റിയും ലിവർപുളും റയൽ മാഡ്രിഡും കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഇതുവരെയുള്ള മത്സരങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. ഏപ്രിൽ ഏഴിന് ഒന്നാം പാദമത്സരങ്ങൾ ഒരുമിച്ച് നടക്കും. 

Eng­lish sum­ma­ry; Euro­pean football

You may also like this video;

Exit mobile version