Site iconSite icon Janayugom Online

ഇനി വേറെ ലെവല്‍ ; യൂറോപ്യൻ ലീഗ് ഓഫ് ഫുട്ബോൾ സീസൺ

ഫുട്ബോള്‍ ആരാധകര്‍ക്ക് വിരുന്നുമായി യൂറോപ്യന്‍ ഫുട്ബോള്‍ സീസണ് ഇന്ന് തുടക്കമാകും. ടീമുകളെല്ലാം അഴിച്ചുപണികളും സന്നാഹ മത്സരങ്ങളും പൂര്‍ത്തിയാക്കി പുതിയ ഫു­ട്ബോള്‍ വര്‍ഷത്തിലേക്ക് ബൂട്ടുകെട്ടുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇ­ന്ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേ­ണ്‍ലിയെ നേരിടും. ഇ­ന്ത്യന്‍ സ­മയം അര്‍ധരാത്രി 12.30നാണ് മത്സരം.

നാളെ ആ­ഴ്സ­ണല്‍, ടോട്ടന്‍ ഹാം തുടങ്ങിയ കരുത്തരായ ടീമുകള്‍ കളത്തിലെത്തും. സ്പാ­നിഷ് ലാ ലിഗയിലെ ആദ്യ മത്സരത്തില്‍ അല്‍മേരിക്കയ്ക്കെതിരെ റയോ വയ്യക്കാനോ ബൂട്ടുകെട്ടും. ഇന്ത്യന്‍ സമയം രാത്രി 11നാണ് ഉദ്ഘാടന മത്സരം. നാളെ റയല്‍ മാഡ്രിഡ് അടക്കമുള്ള മുന്‍നിര ക്ലബ്ബുകള്‍ കളത്തിലെത്തും. ഫ്രാന്‍സില്‍ ലീഗ് വണ്ണിനും ഇന്ന് തുടക്കമാകും. ലില്ലി-നീസ് മത്സരത്തോടെയാണ് പ്രാരംഭം. സീരി എയിലും ബുണ്ടസ് ലിഗയിലും അടുത്തയാഴ്ച മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.

അവസാന വട്ട ട്രാന്‍സ്ഫറുകളോടെ ടീമിനെ ഒന്നുകൂടി കെട്ടുറപ്പുള്ളതാക്കി തീര്‍ക്കുന്നതിനാണ് പരിശീലകരെല്ലാം അവസാനനിമിഷത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കാര്യമായ മാറ്റങ്ങളില്ലാത്ത ടീമുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമായിരിക്കും. ഏതാനും മുതിര്‍ന്ന താരങ്ങളെ വിറ്റൊഴിഞ്ഞിട്ടുണ്ടെങ്കിലും മുന്‍വര്‍ഷത്തെ മിക്കവാറും താരങ്ങളും ടീമിലുണ്ടാകും. ടീമിനെ പൂര്‍ണമായി അഴിച്ചുപണിത ചെല്‍സിയില്‍ ഇനിയും പഴുതുകള്‍ അവശേഷിക്കുന്നത് പരിശീലകന്‍ പോച്ചെറ്റിനോയ്ക്ക് കടുത്ത വെല്ലുവിളിയാകും. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമായിരിക്കും ചെല്‍സി. കഴിഞ്ഞ സീസണില്‍ ആദ്യ പത്തില്‍പോലും ഇടം നേടാനാകാതെ പോയ പ്രകടനത്തില്‍ നിന്നും ലീഗിന്റെ മുന്‍നിരയിലേക്ക് നീലപ്പടയ്ക്ക് തിരിച്ചെത്തേണ്ടതുണ്ട്. സതാംപ്ടണ്‍ മിഡ്ഫീല്‍ഡര്‍ റോമിയോ ലാവിയയ്ക്ക് വേണ്ടി ചെല്‍സി 48 മില്യണ്‍ യൂറോയുടെ പുതിയ വാഗ്ദാനം മുന്നോട്ടുവച്ചിട്ടുണ്ട്. 19കാരനെ സ്വന്തമാക്കുന്നതിനായി ലിവര്‍പൂളും ശ്രമം നടത്തുന്നു.

50 മില്യണ്‍ യൂറോയാണ് സതാംപ്ടണ്‍ താരത്തിന് വിലയിട്ടിരിക്കുന്നത്. ലിവര്‍പൂള്‍ നല്‍കിയ തുക 45 മില്യണ്‍ യൂറോ ആയിരുന്നു. അതിനിടെ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്നും ഡേവിഡ് വാഷിങ്ടന്റെ കൈമാറ്റം ചെല്‍സി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുതിയ സീസണില്‍ തെക്കേ അമേരിക്കയില്‍ നിന്ന് 17 താരങ്ങളെ ചെല്‍സി ടീമിലെത്തിച്ചിട്ടുണ്ട്. ഇവരില്‍ ഏതാനും പേരെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ലീഗ് വണ്‍ ക്ലബ്ബ് സ്ട്രാസ്ബര്‍ഗിലേക്ക് അയയ്ക്കുന്നതും ക്ലബ്ബിന്റെ പരിഗണനയിലുണ്ട്. ഇത്തവണയും ആഴ്‌സണല്‍ ശക്തമായ നിരയാണ്.

കഴിഞ്ഞതവണ അവസാന ലാപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗണ്ണേഴ്സിനെ പിന്നിലാക്കുകയായിരുന്നു. യുവതാരം ചാര്‍ലി പാറ്റിനോയെ വായ്പാ അടിസ്ഥാനത്തില്‍ സ്വാന്‍സി സിറ്റിയിലേക്ക് അയയ്ക്കാന്‍ ഇന്നലെ ധാരണയായി. കഴിഞ്ഞ സീസണില്‍ ബ്ലാക്ക്പൂളിന് വേണ്ടി കളിച്ച താരം 37 മത്സരങ്ങളില്‍ നിന്നു മൂന്നു ഗോളുകള്‍ നേടിയിരുന്നു. മറ്റൊരു യുവതാരം മാര്‍ക്വീനോസ് ലീഗ് വണ്‍ ക്ലബ്ബ് നാന്റ്സിലേക്കും വായ്പാ അടിസ്ഥാനത്തില്‍ പോകുന്നുണ്ട്.

Eng­lish Sum­ma­ry: Euro­pean League of Foot­ball season
You may also like this video

Exit mobile version