Site iconSite icon Janayugom Online

വാനര വസൂരിക്കെതിരെ വാക്സിന് അനുമതി നല്‍കി യൂറോപ്യന്‍ യൂണിയന്‍

ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ വാനര വസൂരിക്കെതിരെ വാക്സിന്‍ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ഡാനിഷ് മരുന്നു നിര്‍മ്മാണ കമ്പനിയായ ബവേറിയന്‍ നോര്‍ഡിക്കിന്റെ വസൂരിക്കെതിരായി ഉപയോഗിക്കുന്ന ഇംവാനെക്സ് എന്ന വാക്സിനാണ് വാണിജ്യാടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. അംഗീകാരം ലഭ്യമായത് സംബന്ധിച്ച വിവരം കമ്പനി തന്നെയാണ് പുറത്തുവിട്ടത്.
വാക്സിന് അംഗീകാരം ലഭിക്കുന്നതോടെ രോഗം ഏറ്റവും അധികം ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറമേ, ഐസ്‍ലന്‍ഡ്, ലെയ്ഷെന്‍സ്റ്റെെന്‍, നോര്‍വേ എന്നിവിടങ്ങളിലും വാക്സിന്‍ വിതരണം ചെയ്യാനാകും. അതേസമയം, വാനര വസൂരിക്ക് മാത്രമായി ഏതെങ്കിലും മരുന്നുകള്‍ നിര്‍ദേശിക്കണോ എന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വസൂരി പ്രതിരോധത്തിനായി 2013 ല്‍ ഇംവാനെക്സിന് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയിരുന്നു. വാനര വസൂരി വൈറസും വസൂരി വൈറസും തമ്മിലുള്ള സമാനത മൂലം വാക്സിൻ ഉപകാരപ്പെട്ടേക്കും എന്നാണ് വിലയിരുത്തല്‍. വസൂരിയെ അപേക്ഷിച്ച് രോഗതീവ്രതയും രോഗം പകരാനുള്ള സാധ്യതയും വാനര വസൂരിക്ക് വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പനി, തലവദന, പേശികളിലെ വേദന, പുറം വേദന തുടങ്ങിയവയാണ് വാനര വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ മുഖത്തും കൈകളിലും കാൽപാദങ്ങളും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും കുരുക്കള്‍ പ്രത്യേക്ഷപ്പെടും.
നിലവിൽ 72 രാജ്യങ്ങളിലായി 16,000ത്തിൽ അധികം പേര്‍ക്കാണ് വാനര വസൂരി ബാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് രോഗബാധയെ ആഗോള അടിയന്തരാസ്ഥയായി പ്രഖ്യാപിച്ചത്. മുൻവ‍ര്‍ഷങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം പലവട്ടം പടര്‍ന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളിലേയ്ക്ക് രോഗം പകരുന്നത്. നിലവിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്.

Eng­lish Sum­ma­ry: Euro­pean Union approves vac­cine against monkeypox

You may like this video also

Exit mobile version