Site iconSite icon Janayugom Online

എഐ നിയന്ത്രണ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍

നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. 38 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവില്‍ എഐ നിയമവുമായി മുന്നോട്ടുപോകാൻ ഇയു ജനപ്രതിനിധികളും നയരൂപീകരണ ചുമതലയുളള നേതാക്കളും ധാരണയിലെത്തുകയായിരുന്നു. ഇതാദ്യമായാണ് നിർമ്മിത ബുദ്ധിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുന്നത്. മനുഷ്യരാശിക്കു വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂടായിരിക്കും ഇതെന്ന് യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോണ്‍ ലെയര്‍ പറഞ്ഞു. 

ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങൾക്കായി സർക്കാരുകൾ എഐയെ പ്രയോജനപ്പെടുത്തുന്നതിനുൾപ്പെടെ മാർഗരേഖകളാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കു മേലും നിയന്ത്രണം വരും. ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കും മുമ്പ് സുതാര്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നാണ് നിയമത്തിലുള്ളത്. ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിർദേശമുണ്ട്. ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സർക്കാരുകൾ തൽസമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താൻ പാടുള്ളൂ. 

എഐയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാര സംവിധാനം നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനികൾ 75 ലക്ഷം യൂറോ മുതൽ 3.5 കോടി യൂറോ വരെ പിഴ നൽകേണ്ടിവരും.

Eng­lish Sum­ma­ry: EU with AI regulation

You may also like this video

Exit mobile version