Site iconSite icon Janayugom Online

മരിയുപോളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നു

മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 100 സാധാരണക്കാരെ ഒഴിപ്പിച്ചതായി ഉക്രെയ്‍ന്‍. ഒഴിപ്പിച്ചവരെ വടക്കന്‍ നഗരമായ സപ്പോരീഷ്യയിലേക്ക് മാറ്റിയതായി അസോവ് റെജിമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ 25 പേരെയോളം പ്ലാന്റില്‍ നിന്ന് ഒഴിപ്പിച്ചതായാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതായി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷപ്പെടുത്തിയവരുടെ നിലവിലെ ആരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള മറ്റ് അവസ്ഥകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ആഴ്ചകള്‍ക്ക് ശേഷമാണ് മരിയുപോളില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സാധിച്ചത്. ആയിരത്തോളം സാധരക്കാര്‍ പ്ലാന്റിലുണ്ടെന്നാണ് ഉക്രെയ്‍ന്‍ പറയുന്നത്. സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി റഷ്യ, മേഖലയില്‍ താല്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിന് കീഴിലുള്ള ഒരു വലിയ തുരങ്ക ശൃംഖല കേന്ദ്രീകരിച്ച് ഉക്രെയ്‍ന്‍ സെെനികര്‍ക്കൊപ്പം നൂറുകണക്കിന് സാധാരണക്കാര്‍ ഒളിവില്‍ കഴിയുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നഗരം വിട്ട് പോകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗമെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. 

അതിനിടെ, 1000 റഷ്യൻ ടാങ്കുകളും 2500 കവചിത വാഹനങ്ങളും 200 വിമാനങ്ങളും സെെന്യം നശിപ്പിച്ചതായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി പറഞ്ഞു. അതേസമയം, ഒഡേസ വിമാനത്താവളത്തിലെ റണ്‍വേ മിസെെലാക്രമണത്തില്‍ തകര്‍ത്തതായി റഷ്യയും അവകാശപ്പെട്ടു. കൂടാതെ ഉക്രെയ്‍ന്റെ രണ്ട് ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 17 ഉക്രെയ്ന്‍ സെെനിക കേന്ദ്രങ്ങള്‍ മിസെെലാക്രമണത്തില്‍ തകര്‍ത്തതായും റഷ്യ പറയുന്നു. 200 ഉക്രെയ്‍ന്‍ സെെനികര്‍ കൊല്ലപ്പെട്ടതായാണ് റഷ്യയുടെ കണക്ക്. കേര്‍സന്‍ നഗരത്തില്‍ ഷെല്ലാക്രമണം രൂക്ഷമായതിനാല്‍ സാധാരണക്കാര്‍ സുരക്ഷാ കേന്ദ്രങ്ങളില്‍ തന്നെ തുടാരാന്‍ സിറ്റി ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉക്രെയ്‍നുമായി അതിർത്തി പങ്കിടുന്ന തെക്കൻ ബെൽഗൊറോഡ് മേഖലയിലെ റഷ്യൻ സെെനിക കേന്ദ്രത്തിന് തീപിടിച്ചതായി മേഖല ഗവർണർ അറിയിച്ചു. 

Eng­lish Summary:Evacuates civil­ians from Mariupol
You may also like this video

Exit mobile version