Site iconSite icon Janayugom Online

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി; 9000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ എത്തിക്കാൻ വ്യോമ സേനയുടെ സഹായം തെടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ വിദേശകാര്യമമന്ത്രിയോട് താൻ സംസാരിച്ചെന്നും അടിയന്തര ഇടപെടലിന് ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. 

9000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്. ഇറാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിലായി ഇവരെ ഒഴിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ടെഹറാൻ, ഇസ്ഫഹാൻ എന്നീ നഗരങ്ങളിലെ മെഡിക്കൽ കോളജുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് തയ്യാറായി നിൽക്കാനുള്ള സന്ദേശം ഇന്ത്യൻ എംബസി നൽകി കഴിഞ്ഞു.

ഇന്റർനെറ്റ് വിശ്ചേദിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരെയും ബന്ധപ്പെടുന്നതിന് പ്രതിസന്ധിയുള്ളതായി വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ആക്രമണം ഉടൻ ഇല്ലെന്ന സൂചനകൾ വന്നെങ്കിലും ഇറാന് അകത്തെ സ്ഥിതി സങ്കീർണമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇറാൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും ജയശങ്കര്‍ അറിയിച്ചു.

Exit mobile version