Site iconSite icon Janayugom Online

‘മഴു മറന്നാലും മരം മറക്കില്ല’; പ്രതികാരത്തിന്റെ കഥയുമായി ‘രുധിരം’

‘മഴു മറന്നാലും മരം മറക്കില്ല’ എന്ന ടാഗ് ലൈനോടെ ചിത്രം ആരംഭിക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രതികാര കഥയുടെ സൂചന ലഭിക്കും . നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രുധിരം’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവം. കന്നഡ സിനിമയിലെ മിന്നും താരം രാജ് ബി ഷെട്ടിയും അപർണ ബാല മുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘രുധിരം’ പേരുപോലെ തന്നെ ഒരു ആക്ഷൻ റിവഞ്ച് ചിത്രമാണ്. കഥ അവതരിപ്പിച്ച രീതി വ്യത്യസ്ത ഇഷ്ടപ്പെടുന്ന ഏതൊരു സിനിമ ആസ്വാദകനും ഇഷ്ടപ്പെടാനുള്ള വക നല്‍കുക തന്നെ ചെയ്യും. വയലന്‍സിനോടൊപ്പം ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിന്റെ സവിശേഷതയാണ്. ഒരു അജ്ഞാതന്റെ തടവിലാക്കാപ്പെട്ട സ്വാതി എന്ന പെണ്‍കുട്ടിയുടെയും അവളുടെ നായയുടെയും നിസഹായതയിലാണ് ചിത്രം ആരംഭിക്കുന്നത്. അപർണ മുരളിയാണ് സ്വാതിയായി എത്തുന്നത്. ഡോക്ടര്‍ മാത്യു റോസിയായി നായക കഥാപാത്രമായി രാജ് ബി ഷെട്ടിയും. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മറ്റ് കഥാപാത്രങ്ങളായി വിവിധ രംഗങ്ങളിലെത്തുന്നത്. പകയും അതിലൂന്നിയ പ്രതികാരവും വിഷയമാകുന്ന ചിത്രത്തില്‍ നായകനും നായികയും മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് പറയാം. 

ചിത്രത്തില്‍ എടുത്ത് പറയേണ്ടത് ആര്‍ട്ട് വിഭാഗത്തെയാണ്. കൂടെ ക്യാമറയില്‍ ഒപ്പിയെടുത്തവരേയും. സ്വതന്ത്രയായി നടന്നിരുന്ന നായികയെ നായകന്‍ കൂട്ടിലടയ്ക്കുന്നു. എന്തിനെന്നോ കാരണമെന്തേന്നോ അറിയാനുള്ള കഥയിലൂടെയാണ് ചിത്രം മുന്നേറുക. അവിടെ ഒറ്റപ്പെട്ടതിന്റെ വേദന കാണാം, ശാരീരികവും മാനസികവുമായ പീഡനങ്ങൾ കാണാം. അവിടെനിന്ന് എങ്ങനെ രക്ഷപ്പെടാനുള്ള നായികയുടെ ശ്രമങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് . ഇവയെല്ലാം കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ട് നീങ്ങുക. സമൂഹത്തില്‍ ഏവരും നല്ലതെന്ന് കരുതുന്ന ഒരാള്‍, ആര്‍ക്കും വിശ്വിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറുംമ്പോൾ നായകന്‍ പ്രതിനായകന്‍ ആവുമോ എന്നുവരെ പ്രേക്ഷരെ ചിന്തിപ്പിക്കും. 

ഇനിയെന്ത് എന്ന് ഉദ്വേഗത്തോടെ സ്ക്രീനിലേക്ക് പ്രേക്ഷകരെ നോക്കിയിരുത്താന്‍ സംവിധാനയകന് കഴിഞ്ഞു എന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയം. ചിത്രത്തില്‍ തുടക്കം മുതല്‍ അവസാനംവരെ വന്ന് പോയ ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയും വിഎഫ്എക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ എലിയും പ്രകടനം ഗംഭീരമാക്കിയെന്നത് സംശയമില്ലാതെ പറയാം. ആദ്യപകുതിയിലെ ഗംഭീര പ്രകടം രണ്ടാം ഭാഗത്തിലെത്തിയപ്പോള്‍ അപര്‍ണ ബാലമുരളിയടക്കം ഇവിടെയോക്കെയോ നഷ്ടപ്പെട്ടു പോയോ എന്നോരു സംശയം പ്രേക്ഷകര്‍ക്ക് ഉടലെടുക്കാം. തുടക്കത്തില്‍ നല്‍കിയ ആ ഒരു ഫീല്‍ രണ്ടാം പാതിയിലേക്കെത്തിക്കാന്‍ കഴിയാതെ പോയത് സംവിധായകന്റെ ഒരു പോരായ്മയായി പറയാം. എന്നാൽ ക്ലൈമാക്സ് രംഗം ഗംഭീരമായി . പശ്ചാത്തല സംഗീതവും മനോഹരമായി എന്നുതന്നെ പറയാം. വ്യത്യസ്ത സിനിമകള്‍ ഇഷ്ടപ്പെടുന്നരാണ് നിങ്ങള്‍ എങ്കില്‍ ഉറപ്പായും ചിത്രം ഇഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി എസ് ലാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് പ്രദർശനത്തിനെത്തിച്ചത്. ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാർ. ആർട്ട്: ശ്യാം കാർത്തികേയൻ. 

Exit mobile version