ജൂൺ മാസം പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ജൂലൈ ’ സമൃദ്ധ’ മാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ മാസം രാജ്യമൊട്ടാകെയുള്ള കണക്ക് പരിശോധിച്ചാൽ മഴയുടെ അളവിൽ 10 ശതമാനം കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ മാത്രമാണ് പ്രതീക്ഷിച്ചതിലും അധികം മഴ ലഭിച്ചത്. ജൂൺ ഒന്നു മുതൽ 30 വരെയുള്ള കണക്കനുസരിച്ച് 42 ശതമാനം അധിക മഴ ആ മേഖലയിൽ ലഭിച്ചു. അതേ സമയം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 45 ശതമാനം മഴക്കുറവ് അനുഭവപ്പെട്ടു. കിഴക്കൻ മേഖലയിലും വടക്കുകിഴക്കൻ മേഖലയിലും 18 ശതമാനവും മധ്യ ഇന്ത്യയിൽ ആറ് ശതമാനം കുറവ് മഴയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി ലഭിച്ച മഴ ഖാരിഫ് വിളവ് ഇറക്കുന്നതിന് സഹായകരമായി. ജൂൺ 23 വരെയുള്ള കാലയളവിൽ 130 ലക്ഷം ഹെക്ടറിലാണ് കാർഷിക പ്രവൃത്തികൾ നടത്തിയതെങ്കിൽ ജൂൺ 30 ലെ കണക്കനുസരിച്ച് ഇത് 203 ലക്ഷം ഹെക്ടറിലേക്ക് ഉയർന്നു. ജൂലൈയിൽ ആവശ്യത്തിന് മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലത്ത് കാർഷിക പ്രവൃത്തികൾ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഉത്തരേന്ത്യയിൽ ഖാരിഫ് വിളവിറക്കുന്നത് കൂടുതലും ജൂലൈ മാസത്തിലാണ്. നെല്ല്, ഗോതമ്പ്, ധാന്യങ്ങൾ, എണ്ണക്കുരു എന്നിവയാണ് കൂടുതലും. ചെറു ധാന്യങ്ങളുടെ കൃഷിക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ ചോളം, ചാമ, റാഗി, തിന എന്നിവയുടെ കൃഷി ഉത്തരേന്ത്യയിൽ വർധിച്ചിട്ടുണ്ട്. ജലസേചനത്തിന് കുറച്ച് വെള്ളം മതിയാകും എന്നതിനാൽ കൂടുതൽ കർഷകർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു. ഇതു മൂലം നെൽകൃഷിയിൽ കഴിഞ്ഞ വർഷത്തേക്കാൾ ഒമ്പത് ലക്ഷം ഹെക്ടറിന്റെ കുറവ് വന്നിട്ടുള്ളതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത അധികമാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രാന്തർഭാഗത്തെ താപനില സാധാരണയിലും കൂടുതലാണ്. എങ്കിലും മൺസൂണിന്റെ തുടക്കത്തിൽ ഇത് വലുതായി സ്വാധീനം ചെലുത്താൻ ഇടയില്ലെന്നാണ് കണക്കുകൂട്ടൽ. അതേ സമയം അടുത്ത വർഷത്തെ മഴ സീസണിനെ എൽ നിനോ പ്രതിഭാസം സാരമായി ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
English Summary: Even if the expected rains did not come in June, July will be ‘prosperous’, Central Weather said
You may also like this video