ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിൽ പോലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പാലക്കാട് സ്വദേശിയായ യുവതിക്ക് അനുകൂലമായാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.
2009‑ൽ ഭർത്താവ് മരിച്ചതിന് ശേഷം തന്നെയും മക്കളെയും ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവതി പാലക്കാട് സെഷൻസ് കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ മരണശേഷം യുവതിയും കുട്ടികളും ഭർതൃവീട്ടിൽത്തന്നെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, സ്വന്തം വീട്ടിൽ നിന്ന് ലഭിച്ച സ്വത്തുക്കൾ ഉപയോഗിച്ച് ജീവിക്കാനും ഈ വീട്ടിൽ നിന്ന് മാറാനും ഭർത്താവിന്റെ ബന്ധുക്കൾ യുവതിയെ നിർബന്ധിക്കുകയായിരുന്നു.
ഇതിനെതിരെ യുവതി നൽകിയ ഹർജിയിൽ സെഷൻസ് കോടതി യുവതിക്ക് അനുകൂലമായി വിധിച്ചു. എന്നാൽ, ഈ വിധിയെ ചോദ്യം ചെയ്ത് ഭർത്താവിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.

