Site iconSite icon Janayugom Online

രാമക്ഷേത്രം അയോധ്യയിൽ പോലും ഫലം കാണില്ലെന്ന് റിപ്പോർട്ട്

UPUP

വർഷങ്ങളായി ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് ഏറെക്കുറെ നിയന്ത്രിച്ചിരുന്ന ബിജെപിയുടെ രാംമന്ദിർ (ക്ഷേത്രം) പ്രചരണം ഇത്തവണ അയോധ്യയിൽ പോലും ഫലം കാണില്ലെന്ന് റിപ്പോർട്ട്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്നലെ അവസാനിക്കുമ്പോൾ ഭരണവിരുദ്ധതയും തൊഴിലില്ലായ്മയുമാണ് വോട്ടർമാർക്ക് മുമ്പിലുള്ള വിഷയമെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു. അയോധ്യയിൽ പോലും ഇത്തവണ രാംമന്ദിർ സ്വാധീനം കുറവാണെന്നും പരമ്പരാഗത ബിജെപി വോട്ടർമാർ പോലും നിരാശയിലാണെന്നും ന്യൂസ് ക്ലിക്ക് റിപ്പോർട്ട് ചെയ്തു.
പുണ്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അയോധ്യയിൽ തൊഴിലില്ലായ്മ, നഗരം മോടി പിടിപ്പിക്കാനുള്ള മാസ്റ്റർ പ്ലാൻ കാരണമുണ്ടായ ഉപജീവനമാർഗത്തിന്റെ നഷ്ടം, വിലക്കയറ്റം, ആരോഗ്യം, മറ്റ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചാണ് വോട്ടർമാർ സംസാരിക്കുന്നത്. പഴയ അയോധ്യയിലെ (അയോധ്യധാം) നിവാസിയും അഗർബത്തി നിർമ്മാതാവുമായ പവൻ തിവാരി പറഞ്ഞത് ‘രാമക്ഷേത്രത്തിനായി ബിജെപി ശ്രമിച്ചിട്ടും വലിയ ഫലമില്ല, തൊഴിലില്ലായ്മയ്ക്കെതിരെ യുവാക്കൾ വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്’ എന്നാണ്. ‘പരമ്പരാഗതമായി ബിജെപിയോട് കൂറുള്ളവരെന്ന് കരുതപ്പെടുന്ന മധ്യവർഗത്തിലെ വലിയൊരു വിഭാഗം വിലക്കയറ്റത്തിനെതിരെ വോട്ട് ചെയ്യും. അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കും രാസവള ദൗർലഭ്യത്തിനും എതിരെ കർഷകർ വോട്ട് ചെയ്യും. റോഡ് വീതി കൂട്ടൽ പദ്ധതിയുടെ ഫലമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന വ്യാപാരി സമൂഹവും വളരെ അതൃപ്തരാണ്’ അദ്ദേഹം പറഞ്ഞു.
‘ഫെബ്രുവരി 25ന് നടന്ന ബിജെപിയുടെ റോഡ്ഷോയിൽ ജനപങ്കാളിത്തം കുറവായിരുന്നു. ജില്ലയിലെ മുഴുവൻ ആളുകളെയും നഗരത്തിലെത്തിച്ചു മൂന്ന് കിലോ മീറ്റർ റാലിയിൽ പങ്കെടുക്കാൻ. മറുവശത്ത് അഖിലേഷ് എട്ട് കിലോമീറ്റർ റോഡ് ഷോ നടത്തി വിജയിപ്പിച്ചു. വോട്ടർമാരുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു’ രാകേഷ് സിങ് പറഞ്ഞു. ‘ഈ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം ഒരു വിഷയമല്ല. എസ്‍പി സ്ഥാനാർത്ഥി പവൻ പാണ്ഡെയെ തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ബ്രാഹ്മണർ, യാദവർ, മുസ്‍ലിം, ഒബിസി വിഭാഗങ്ങളിൽ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്’ സിങ് പറഞ്ഞു.
സുപ്രീം കോടതി വിധിയോടെ അയോധ്യ തർക്കം പരിഹരിച്ചതായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അയോധ്യയിൽ റിപ്പോർട്ടറായ കൃഷ്ണ പ്രതാപ് സിങ് പറഞ്ഞു. ‘രാമക്ഷേത്രം ആസ്തയുടെ (വിശ്വാസം) കേന്ദ്രമായിരിക്കാം, പക്ഷേ തദ്ദേശവാസികൾക്ക് ഇതൊരു രാഷ്ട്രീയ ഘടകമല്ല. എന്നാൽ ജാതി നിർണായകമാണ്. ഇപ്പോള്‍ ജനകീയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്ഷേത്രം പണിയുന്നത് ബിജെപി കാരണമാണെന്ന് കരുതുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴുമുണ്ട്. അവർ അതിനനുസരിച്ച് വോട്ട് ചെയ്യും. പക്ഷേ യഥാർത്ഥ പ്രശ്നങ്ങളും ജാതിയുമാണ് പോളിങ്ങിൽ വലിയതോതിൽ ആധിപത്യം സ്ഥാപിക്കുക’ അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം വോട്ടർമാരെ വേണ്ടത്ര സ്വാധീനിക്കില്ലെന്ന് ബിജെപി അനുഭാവികൾ പോലും സമ്മതിച്ചു. ‘ഞാൻ ബിജെപിക്ക് വോട്ട് ചെയ്യും, കാരണം ഞാൻ എല്ലായ്പ്പോഴും പാർട്ടിയോടൊപ്പമാണ്. എന്നാൽ വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ എങ്ങനെ അവഗണിക്കും? രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് ആളുകൾ മനസിലാക്കുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി നിയമനിർമ്മാണം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ബിജെപി അത് ഗൗനിച്ചില്ല.
കോടതി വിധി ക്ഷേത്രത്തിന് അനുകൂലമായി വന്നപ്പോൾ പാർട്ടി മുതലെടുക്കാൻ ശ്രമിച്ചെങ്കിലും സ്വാധീനം കൂടിയില്ല’ സാകേത് പിജി കോളജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അനിൽ കുമാർ സിങ് പറഞ്ഞു.

Eng­lish Sum­ma­ry: Even the Ram tem­ple in Ayo­d­hya is report­ed­ly not working

You may like this video also

Exit mobile version