Site iconSite icon Janayugom Online

കേന്ദ്രം കയ്യൊഴിഞ്ഞിട്ടും ചരിത്രമെഴുതി വിഴിഞ്ഞം

കേന്ദ്ര ബജറ്റിലെ അവണഗനയ്ക്കിടെയും പുതിയ ചരിത്രമെഴുതി വിഴിഞ്ഞം തുറമുഖം. ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ മൂന്ന് ലക്ഷം ടിഇയു ചരക്കാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. 150 കപ്പലുകളാണ് ഇതുവരെ ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി മാറുന്ന വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇതിൽ ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് ചരക്കു കപ്പലുകളും ഉൾപ്പെടും. ജനുവരിയിൽ മാത്രം 45 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 85000 ടിഇയു കണ്ടെയ്നർ നീക്കമാണ് കഴിഞ്ഞ മാസം മാത്രം നടത്തിയത്. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതൽ നേട്ടങ്ങളുമായി വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമായി മാറുമെന്നും തുറമുഖ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ വിഴിഞ്ഞം തുറമുഖം ഡിസംബര്‍ മൂന്ന് മുതല്‍ വാണിജ്യ തുറമുഖമാണ്. അഞ്ചു മാസം നീണ്ട ട്രയൽ റൺ ഘട്ടത്തിൽ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നിൽ കരുത്തു തെളിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അൾട്രാലാർജ് മദർഷിപ്പുകൾ ഉൾപ്പെടെ 70 ചരക്ക് കപ്പലുകൾ എത്തുകയും 1.47 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സിപോർട്ട് ലിമിറ്റഡ്, അഡാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായി എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിക്കുകയും ചെയ്തു. ഒന്നാം ഘട്ട നിർമ്മാണവും ക്രമീകരണങ്ങളും പൂർത്തിയാക്കിയതിന്റെ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റും കൈമാറി. 

ജനുവരി ആറിന് തുറമുഖത്തിൽ ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു. തുറമുഖം ആരംഭിച്ചതിന് ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തിച്ചേര്‍ന്നതും ആദ്യമായാണ്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ മൂന്ന് കപ്പലുകളാണ് ഒരേസമയം തുറമുഖത്തെത്തിയത്. ഈ കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നർ കൈമാറ്റത്തിനായി ഏഴ് ഷിപ്പ് ടു ഷോർ ട്രെയിനുകൾ ഒരേസമയം പ്രവർത്തിപ്പിക്കുകയും ചെയ്തു. ഒന്നാംഘട്ടത്തിൽ പൂർത്തിയായ 800 മീറ്റർ ബർത്തിൽ 700 മീറ്റർ ബർത്ത് ഈ മൂന്ന് വാണിജ്യ കപ്പലുകൾക്കായി ഉപയോഗപ്പെടുത്തി. വരും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ കപ്പലുകൾ ഒരേസമയത്ത് ചരക്ക് കൈമാറ്റം ചെയ്യാനുള്ള വലിയ സൗകര്യമാണ് വിഴിഞ്ഞം ലോകത്തിനു മുമ്പിൽ തുറന്നു വയ്ക്കുന്നത്. 

ഡിസംബര്‍ 18ന് ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് ഐഎന്‍ ടിആര്‍വി 01 എന്ന പുതിയ ലോക്കേഷന്‍ കോഡ് തുറമുഖത്തിന് ലഭിച്ചു. ക്രിസ്മസ് ദിനത്തില്‍ നൂറാമത്തെ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. എംഎസിയുടെ ‘എംഎസ്‌സി മിഷേല ’ ആണ് വന്നത്. നാല് മാസത്തോളം വിജയകരമായി നീണ്ട ട്രയൽ റണ്ണിനു ശേഷമാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് വിഴിഞ്ഞത്ത് ആരംഭിച്ചത്. വാണിജ്യ തുറമുഖമായി പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീയതി ലഭിക്കാത്തതിനാലാണ് കമ്മിഷന്‍ വൈകുന്നത്. പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടി വരുന്ന 8867 കോടിയില്‍ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

Exit mobile version