Site icon Janayugom Online

ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട പാസ്‌പോർട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

firoj nansen

സാധാരണ രാജ്യത്തിന്റെ പേരിലാണ് പാസ്‌പോർട്ടുകൾ അറിയപ്പെടുന്നത്. ഒരു രാജ്യമാണ് പാസ്‌പോർട്ട് അവിടത്തെ പൗരന്മാർക്ക് അനുവദിക്കുന്നത്. ചിലപ്പോൾ ഒരുകൂട്ടം രാജ്യങ്ങൾക്കും ഒരു പാസ്‌പോർട്ട് ഉണ്ടാകാം. ഉദാഹരണത്തിന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കെല്ലാം ഒരൊറ്റ പാസ്‌പോർട്ടാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരാളുടെ പേരിൽ അറിയപ്പെട്ട ഒരു പാസ്‌പോർട്ട് ചരിത്രത്തിലുണ്ട്. നോർവീജിയൻകാരനായ ഫ്രിജോഫ് നാൻസൻ എന്ന ബഹുമുഖപ്രതിഭയുടെ പേരിലാണ് ഈ പാസ്‌പോർട്ട് അറിയപ്പെട്ടത്. ഇദ്ദേഹം പര്യവേഷകൻ, ശാസ്ത്രജ്ഞന്‍, നയതന്ത്രജ്ഞൻ എന്ന നിലകളിലൊക്കെ അറിയപ്പെട്ടയാളാണ്. 1921ൽ നാൻസൻ ഇന്നത്തെ യുണെെറ്റഡ് നേഷൻസിന്റെ (ഐക്യരാഷ്ട്ര സഭ) മുൻഗാമിയായ ലീഗ് ഓഫ് നേഷൻസിന്റെ തലപ്പത്ത് നിയമിതനായി.
അഭയാർത്ഥികൾക്കായുള്ള ഹൈകമ്മിഷണർ ആയിരുന്നു അദ്ദേഹം. ഒന്നാം ലോകമഹായുദ്ധം ലക്ഷക്കണക്കിന് പേരെയാണ് അഭയാർത്ഥികളാക്കിയത്. പല രാജ്യങ്ങളിൽ ഇവർ കുടുങ്ങികിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാൻസൻ അഭയാർത്ഥികൾക്കായി പ്രത്യേക പാസ്‌പോർട്ട് ഇറക്കാൻ തീരുമാനിച്ചത്. ഇത് ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് രക്ഷയായി. ഈ പാസ്‌പോർട്ടുകൊണ്ട് അഭയാർത്ഥികൾക്ക് നിയമപരമായി രാജ്യാന്തര യാത്രകൾ നടത്താൻ സാധിച്ചു. ലീഗ് ഓഫ് നേഷൻസ് ആണ് പാസ്‌പോർട്ട് ഇറക്കിയതെങ്കിലും അതിന്റെ ബുദ്ധികേന്ദ്രമായതും ചുമതലക്കാരനുമായ നാൻസന്റെ പേരിൽ ആണ് ഇത് അറിയപ്പെട്ടത്. നാൻസന്റെ മനുഷ്യത്വപരമായ മികച്ച സേവനത്തെ പരിഗണിച്ച് 1922ൽ ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നല്കപ്പെട്ടു. 1930ലാണ് ഈ മനുഷ്യസ്നേഹി അന്തരിക്കുന്നത്. മറ്റൊരു സവിശേഷ കാര്യം നാൻസന്റെ മരണാനന്തരം അദ്ദേഹത്തിനോടുള്ള ബഹുമാനർത്ഥം നാൻസന്റെ പേരിൽ സ്ഥാപിക്കപ്പെട്ട നാൻസൻ ഇന്റർനാഷണൽ ഓഫീസ് ഓഫ് റെഫ്യുജിസ് സംഘടനയ്ക്കും 1938ൽ ലോക സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്കപ്പെട്ടു. 

Eng­lish Sum­ma­ry: Ever heard of a pass­port known in the name of a person?

You may like this video also

Exit mobile version