Site iconSite icon Janayugom Online

പുഴയോര മാഫിയകളെ കുടിയൊഴിപ്പിക്കുന്നു

സംസ്ഥാനത്തെ നദികളുടെയും പുഴകളുടെയും തീരഭൂമികള്‍ കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള തീവ്രനടപടികള്‍ തുടങ്ങി. ഇതിനകം 82 കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 44 പുഴയോരങ്ങളില്‍ ആയിരത്തോളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ എണ്ണം രണ്ടായിരം കടക്കുമെന്നാണ് വിലയിരുത്തല്‍. റവന്യു, ജലസേചനം, കൃഷി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ഇതിനുവേണ്ടി കളക്ടര്‍മാര്‍ അധ്യക്ഷരായി 14 ജില്ലാതല സമിതികളും രൂപീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴ, പെരിയാര്‍ നദീതീരങ്ങളിലാണ് ഏറ്റവുമധികം കയ്യേറ്റങ്ങള്‍. ഇടുക്കി ജില്ലയില്‍ പെരിയാറിന്റെ 581 തീര ഭൂമികളാണ് കയ്യേറിയിട്ടുള്ളത്. ഇവയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. 

ഭൂരഹിതരായ ആരും കയ്യേറ്റക്കാരില്‍ ഇല്ലാത്തതിനാല്‍ ഒഴിപ്പിക്കലിന് പൊതുജന പിന്തുണയുണ്ട്. പുഴകളുടെയും നദികളുടെയും ഓരത്ത് സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കുന്നതോടെയാണ് കയ്യേറ്റത്തിന് തുടക്കം കുറിക്കുന്നത്. നദീസംരക്ഷണ സമിതികളുടെ വ്യാജേന ഭിത്തികള്‍ നിര്‍മ്മിച്ച് കരകളും സര്‍ക്കാര്‍ ഭൂമിയും വളഞ്ഞുപിടിക്കുകയാണ് അടുത്തഘട്ടം. 

മണല്‍വാരലും കയ്യേറ്റങ്ങളും മൂലം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയോരത്ത് ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് മാഫിയകള്‍ പിടിമുറുക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് സ്വകാര്യബോട്ട് ക്ലബ്ബ് കഴിഞ്ഞ അഞ്ചു മാസമായി പ്രവര്‍ത്തിക്കുന്നു. റവന്യു, കൃഷി, ജലസേചന വകുപ്പുകള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് രണ്ടേക്കര്‍ 27സെന്റ് നെല്‍വയല്‍ നികത്തിയാണ് ക്ലബ്ബിന്റെ ഭാഗമായ ഹോട്ടലും കുട്ടികളുടെ പാര്‍ക്കും നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്‍ ബണ്ടുനിര്‍മ്മിച്ച് പുഴയുടെ മുക്കാല്‍ ഏക്കറോളം കയ്യേറി. ഈ നിയമലംഘനം തടയാനും ബോട്ട്ക്ലബ്ബ് ഒഴിപ്പിച്ചെടുക്കാനും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതി അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. 

കൊച്ചി നഗരത്തോട് ചേര്‍ന്നുള്ള കുന്നുകര ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പെരിയാറും തീരവും കയ്യേറിയ കേസുകള്‍ 17ആണ്. കണ്ണൂരില്‍ ആറ് ഹെക്ടറോളം പുഴയോര ഭൂമിയും കയ്യേറ്റമാഫിയയുടെ പക്കലാണ്.

Exit mobile version