തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രിയും ആന്റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, തന്റെ വാദങ്ങൾ വേണ്ടവിധം കേൾക്കാതെയാണ് ശിക്ഷ വിധിച്ചതെന്നും കേസിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതികളെക്കുറിച്ചുള്ള വസ്തുതകൾ കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു സെഷൻസ് കോടതിയെ സമീപിച്ചത്. അപ്പീൽ പരിഗണിച്ച കോടതി ശിക്ഷാ വിധി അന്തിമ വിധി വരുന്നത് വരെ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിന്റെ അപ്പീലിൽ വിധി തിങ്കളാഴ്ച

