Site iconSite icon Janayugom Online

ഇവിഎം ഡാറ്റ സൂക്ഷിക്കണം; നിർണായക നിർദേശവുമായി സുപ്രീം കോടതി

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇവിഎം) നിന്ന് ഒരു ഡാറ്റയും ഇല്ലാതാക്കുകയോ വീണ്ടും ലോഡുചെയ്യുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി. ഇവിഎമ്മുകളുടെ നശിച്ച മെമ്മറിയും സിംബല്‍ ലോഡിങ് യൂണിറ്റുകളും (എസ്എൽയു) പരിശോധിക്കാൻ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജസ്‌റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) നല്‍കിയ ഹര്‍ജി പരിഗണിച്ചത്. 15 ദിവസത്തിനകം പ്രതികരണം അറിയിക്കാന്‍ കമ്മിഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിഎമ്മുകളുടെ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോക്ക് പോളുകൾ മാത്രമേ നടത്തുന്നുള്ളൂ എന്ന് എഡിആറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയില്‍ പറഞ്ഞു. മെഷീനിൽ കൃത്രിമത്വം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ ആരെങ്കിലും ഇവിഎമ്മിന്റെ സോഫ്റ്റ്‌വേറും ഹാർഡ്‌വേറും പരിശോധിക്കണമെന്ന് എഡിആര്‍ ആവശ്യപ്പെട്ടു. 2024 ഏപ്രിലിലെ സുപ്രീം കോടതി വിധിന്യായത്തില്‍ ഇക്കാര്യം ഉള്‍പ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഇവിഎം മെമ്മറിയും മൈക്രോ കൺട്രോളറും നശിപ്പിക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി തേടി. 

Exit mobile version