Site iconSite icon Janayugom Online

റോഡ് നിർമ്മാണത്തിലെ അഴിമതി; മുൻ എൻജിനീയർമാര്‍ക്കും കരാറുകാരനും കഠിന തടവും പിഴയും ശിക്ഷ

റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കേസിൽ മുൻ എൻജിനീയർമാര്‍ക്കും കരാറുകാരനും കഠിന തടവും പിഴയും ശിക്ഷ. പത്തനംതിട്ട പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിൽ അധികമായി അളവുകൾ രേഖപ്പെടുത്തി മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയ കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 

2004–2005 കാലഘട്ടത്തിൽ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇരവിപേരൂർ അസിസ്റ്റന്റ് എൻജിനീയറായിരുന്ന തോമസ് ജോണ്‍, കോഴഞ്ചേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്ന ജോർജ് സാം എന്നിവരെ വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം വീതം കഠിന തടവിനും 1,05,000 രൂപ പിഴ ഒടുക്കുന്നതിനും, കരാറുകാരനായ ജേക്കബ് ജോണിന് നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമാണ് വിജിലന്‍സ് കോടതി വിധിച്ചത്. 

പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്‌പി സി പി ഗോപകുമാർ രജിസ്റ്റർ ചെയ്ത് മുൻ ഇൻസ്പെക്ടർ വി എൻ സജി അന്വേഷണം നടത്തി മുൻ ഡിവൈഎസ്‌പി ബേബി ചാൾസ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാർ എൽ ആർ ഹാജരായി.

Eng­lish Summary:Ex-engineers and con­trac­tor are pun­ished with severe impris­on­ment and fine
You may also like this video

Exit mobile version