Site iconSite icon Janayugom Online

നേപ്പാൾ മുൻ പ്രധാനമന്ത്രി ശര്‍മ്മ ഒലിക്ക് യാത്രാ വിലക്ക്

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി നേപ്പാള്‍ ആഭ്യന്തര മന്ത്രി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ദേശീയ അന്വേഷണ വകുപ്പിന്റെ മുൻ മേധാവി ഹുതരാജ് താപ്പ, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും യാത്രാ വിലക്കുണ്ട്.
ജെന്‍ സി പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി സുശീല കാര്‍ക്കി കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ശര്‍മ്മ ഒലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഓം പ്രകാശ് ആര്യാൽ പറഞ്ഞു.
ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകേണ്ടി വന്നേക്കാം എന്നതിനാല്‍ കാഠ്മണ്ഡു താഴ്‌വര വിട്ടുപോകാൻ പോലും അഞ്ച് പേർക്കും അനുമതി വാങ്ങണമെന്ന് കമ്മിഷന്‍ അംഗം ബിഗ്യാൻ രാജ് ശർമ്മ അറിയിച്ചു. പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളില്‍ ഓട്ടോമൊബൈൽ, ഹോട്ടൽ, റീട്ടെയിൽ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയ്ക്ക് 600 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി നേപ്പാളീസ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (എഫ്‌എൻ‌സി‌സി‌ഐ) കണക്കാക്കുന്നു.

Exit mobile version