എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ മലക്കം മറിഞ്ഞ് മാത്യു കുഴല്‍നാടന്‍. മാത്യു കുഴൽനാടനെ കോടതി വിമർശിക്കുകയും ചെയ്തു. വിജിലൻസ് അന്വേഷണത്തിന് വേണ്ടി കോടതിയെ സമീപിച്ച ശേഷം കോടതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കണമെന്നും കേസ് വൈകിപ്പിക്കാനുള്ള തന്ത്രമാണോ നടത്തുന്നതെന്നും കോടതി ചോദിച്ചത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വാങ്ങാൻ സമയം അനുവദിക്കണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം കഴിഞ്ഞതവണ കോടതി തള്ളിയിരുന്നു.
വിജിലൻസ് അന്വേഷണത്തിന് ഗവർണർ ശുപാർശ ചെയ്യാൻ അനുമതി ചോദിച്ചുള്ള ഹർജിയിൽ ഉറച്ചുനിൽക്കുന്നില്ലെന്ന് കുഴൽനാടൻ ഇന്നലെ കോടതിയെ അറിയിച്ചു. ഇതോടെ വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാര ഈ ഹർജി തള്ളി. വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറുകയാണെന്നും സിആർപിസി 202 പ്രകാരം കോടതി അന്വേഷണം നടത്തണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. കോടതിക്ക് നേരിട്ട് തെളിവുകൾ നൽകാൻ തയ്യാറാണെന്നും കുഴൽനാടന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് ഏതെങ്കിലും ഒരു ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ കോടതി ആവശ്യപ്പെട്ടത്. ബോധപൂർവം കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്നും കോടതി ചോദിച്ചു. ഹർജിയിൽ 12ന് വിധി പറയും.
English Summary: Exalogic: Vigilance investigation Malakkam overturned by Mathew Kuzhalnadan
You may also like this video