Site iconSite icon Janayugom Online

പാഠപുസ്തകം തുറന്നു വച്ച് പരീക്ഷ; പുതിയ പരീക്ഷാ രീതിക്ക് സിബിഎസ്ഇ അംഗീകാരം

പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതുന്ന ഓപ്പൺ ബുക്ക രീതിയ്ക്ക് അംഗീകാരം നൽകി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). 2026–27 അക്കാദമിക് വർഷം മുതൽ ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക പരീക്ഷ രീതി നടപ്പിലാക്കാനുള്ള നിർദേശത്തിനാണ് സിബിഎസ്ഇ അംഗീകാരം നൽകിയിരിക്കുന്നത്. കുട്ടികള്‍ മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങള്‍ മനസിലാക്കി ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് സിബിഎസ്ഇ പറയുന്നു. ഒമ്പത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികൾക്കായി ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്. ഇതേതുടർന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശയ്ക്കു ഡിസംബറിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. 

2020‑ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ക്ക് ഓപ്പണ്‍ ബുക്ക് പരീക്ഷ അനുവദിക്കും. വിമര്‍ശനാത്മക ചിന്ത വളര്‍ത്താനും ആശയങ്ങള്‍ യഥാര്‍ഥ ലോകത്ത് പ്രയോഗിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികളില്‍ പരീക്ഷാ സംബന്ധമായ സമ്മര്‍ദം ലഘൂകരിക്കാനുമാണിത്. 2023ല്‍ സിബിഎസ്ഇ പാഠ്യപദ്ധതി സമിതി ഈ ആശയം ആദ്യമായി വിലയിരുത്തിയിരുന്നു. തെരഞ്ഞെടുത്ത സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി. 9, 10 ക്ലാസ്സുകളില്‍ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലും, 11, 12 ക്ലാസ്സുകളില്‍ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങളിലുമാണ് പരീക്ഷിച്ചത്.

കാണാപ്പാഠം പഠിച്ച് ഓപ്പൺ ബുക്ക് പരീക്ഷ എഴുതാൻ സാധ്യമല്ല. ചോദ്യങ്ങൾ പരോക്ഷമായ, ഏറെ ആലോചിച്ചു വിശകലനം നടത്തേണ്ടവയായിരിക്കും. ആഴത്തിലുള്ള ചോദ്യങ്ങളായിരുക്കും. നേരിട്ട് ഉത്തരമെഴുതാൻ സാധിക്കില്ലെന്നതാണ് വസ്തുത. മുഴുവൻ പാഠഭാഗങ്ങളും നന്നായി വായിച്ചു മനസിലാക്കി, മനസിൽ മികച്ച ആശയം ഉരുത്തിരിച്ചെടുത്ത വിദ്യാര്‍ത്ഥിക്കു മാത്രമേ അനായാസം ഉത്തരമെഴുതാൻ സാധിക്കൂ. സുഗമമായ നടത്തിപ്പിന് സിബിഎസ്ഇ ഓപ്പണ്‍-ബുക്ക് പരീക്ഷകള്‍ക്കായി വിശദമായ ചട്ടക്കൂട്, മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ നല്‍കും. തുടക്കത്തില്‍ ഈ മൂല്യനിര്‍ണയം എല്ലാ സ്കൂളുകള്‍ക്കും നിര്‍ബന്ധമാക്കാന്‍ സാധ്യതയില്ല, സ്കൂളുകള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്യം നല്‍കും. 2014–15 ലും 2016–17 ലും ഇടയില്‍ 9, 11 ക്ലാസ്സുകള്‍ക്കായി ഓപ്പണ്‍ ടെക്സ്റ്റ് പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇത് പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. ഓപ്പൺബുക്ക് രീതി വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തെരഞ്ഞെടുത്ത കേന്ദ്ര സർവകലാശാലയിലുമുണ്ട്. 

Exit mobile version