ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിപ്പിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ 2017ല്‍ രൂപീകരിച്ച നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ (എന്‍ടിഎ) രൂക്ഷമായി വിമര്‍ശിച്ച് പാര്‍ലമെന്ററി സമിതി. കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതിയാണ് എന്‍ടിഎയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ജെഇഇ മെയിന്‍ പരീക്ഷയിലെ ഗുരുതര വീഴ്ചകളെത്തുടര്‍ന്ന് രാജ്യമാകെ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. വീഴ്ചയെത്തുടര്‍ന്ന് 12 ഓളം ചോദ്യ പേപ്പറുകള്‍ പിന്‍വലിക്കേണ്ടി വന്നതിന് യാതൊരു ന്യായീകരണവുമുണ്ടായില്ല. അന്തിമ ഉത്തര സൂചികയില്‍ രേഖപ്പെടുത്തിയ പിശകുകള്‍ സംബന്ധിച്ച് എന്‍ടിഎ നിരത്തിയ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പരീക്ഷ നടത്തിപ്പിലെ പ്രകടനം ആശാവഹമല്ലെന്നും പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
ഏജന്‍സിയുടെ ആത്മവിശ്വാസം സമിതിക്ക് ബോധ്യപ്പെടുന്നതോ പ്രചോദിപ്പിക്കുന്നതോ അല്ല. 2024ൽ മാത്രം എന്‍ടിഎ നടത്തിയ 14 മത്സര പരീക്ഷകളിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും ഗുരുതര പ്രശ്നങ്ങൾ നേരിട്ടതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. യുജിസി — നെറ്റ് , സിഎസ്ഐആര്‍ — നെറ്റ്, നീറ്റ് — പിജി എന്നീ മൂന്ന് പ്രധാന പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. നീറ്റ് — യുജി പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചു. സിയുഇടി (യുജി, പിജി ) പരീക്ഷാഫലം മാറ്റിവച്ചതും ഏജന്‍സിയുടെ ഗുരുതര പിഴവാണ്.
ചോദ്യ പേപ്പര്‍ ചോര്‍ച്ച. ഉത്തര സൂചികയിലെ പിഴവ് എന്നിവ ആവര്‍ത്തിക്കുന്നത് പരീക്ഷാര്‍ത്ഥികളില്‍ ഏജന്‍സിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് സമിതി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കണം. പരീക്ഷാ നടത്തിപ്പിനായി ഏജന്‍സി ഇതുവരെ 3,512.98 കോടി രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്തത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 3,064.77 കോടി ചെലവഴിച്ചു. 448 കോടി രൂപ സ്ഥാപനം മിച്ചം നേടിയത്. ഏജന്‍സിയുടെ സാമ്പത്തിക — ഭരണ നിര്‍വഹണം സര്‍ക്കാര്‍ പരിശോധിക്കണമെന്നും പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.
പരീക്ഷാ രീതികൾ: ചോർച്ച തടയാൻ പേപ്പർ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പേപ്പര്‍ പരീക്ഷയിലും ചോദ്യപേപ്പര്‍ ചോരുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ സിബിഎസ്ഇ, യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങൾ ഈ രീതിയിൽ വർഷങ്ങളായി വലിയ ചോർച്ചകളില്ലാതെ പരീക്ഷകൾ നടത്തുന്ന കാര്യം കമ്മിറ്റി ചൂണ്ടിക്കാട്ടി.

