Site iconSite icon Janayugom Online

കല്ലടയാറിന്റെ തീരത്ത് എക്സൈസ് റെയ്ഡ്: വ്യാജ വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു

കുന്നത്തൂർ ഐവർകാല ഞാങ്കടവ് ഭാഗത്ത് കല്ലടയാറിന്റെ തീരത്തെ വാറ്റുകേന്ദ്രങ്ങളിൽ കുന്നത്തൂർ എക്സൈസ് സർക്കിൾ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 258 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. ഉത്സവ സീസൺ പ്രമാണിച്ച് കുന്നത്തൂരിൽ ആറ്റുതീരങ്ങൾ കേന്ദ്രീകരിച്ചു വ്യാജവാറ്റ് സംഘങ്ങൾ ചുവടുറപ്പിക്കുന്നതായി എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കരമാർഗം എത്തിപ്പെടാൻ പറ്റാത്ത ആറ്റുതീരത്തെ വള്ളിപ്പടർപ്പുകളും ചതുപ്പുകളും നിറഞ്ഞ ദുർഘടമായ ഭാഗങ്ങളിൽ വള്ളങ്ങളിൽ എത്തിയാണ് വാറ്റ് സംഘങ്ങൾ വ്യാജ ചാരായനിർമ്മാണം നടത്തിക്കൊണ്ടിരുന്നത്. എക്സൈസ് സംഘം വളരെ സാഹസികമായാണ് ഇവിടെ എത്തി കോടയും മറ്റ് വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്.

ഇവിടെ വ്യാജ ചാരായം നിർമ്മിക്കുന്ന പ്രദേശവാസികളായ രണ്ടുപേരെക്കുറിച്ച് സൂചന ലഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സജീവ് അറിയിച്ചു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് അനിൽകുമാർ, പ്രിവന്റീവ് ഓഫിസർ എൻ സുരേഷ്, പ്രിവന്റീവ് ഓഫിസർ എ അജയൻ, സിവിൽ എക്സൈസ് ഓഫിസർ എസ് സുധീഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷീബ എന്നിവർ പങ്കെടുത്തു.

Exit mobile version