Site iconSite icon Janayugom Online

ആവേശമായി എല്‍ഡിഎഫ് റോഡ് ഷോ പത്രിക സമര്‍പ്പണം നാളെ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശത്തുടക്കം കുറിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ റോഡ് ഷോ കരുത്തിന്റെ വിളംബരമായി. വൈകിട്ട് നാലോടെ കോടതിപ്പടിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടിട്ട് പ്രവര്‍ത്തകര്‍ ഒത്തുകൂടി. ചുവപ്പും വെള്ളയും ബലൂണുകള്‍ കയ്യിലേന്തി ആവേശത്തോടെ സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ അണിനിരന്നു. നൂറോളം ഇരുചക്രവാഹനങ്ങളിലായി ആയിരത്തോളം പ്രവര്‍ത്തകരാണ് അകമ്പടിയേകിയത്. നിരവധിയിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയാണ് റോഡ് ഷോ കടന്നുപോയത്. ഓരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ ജനങ്ങള്‍ ഒത്തുകൂടി. പടക്കം പൊട്ടിച്ചും വര്‍ണക്കടലാസുകള്‍ പറത്തിയും ആഹ്ലാദമറിയിച്ചു. ചക്കാലക്കുത്ത്, രാമംകുത്ത്, പൂക്കോട്ടുംപാടം, കരുളായി, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ എന്നിവിടങ്ങിലെ സ്വീകരണത്തിനുശേഷം രാത്രി എടക്കരയില്‍ റോഡ് ഷോ സമാപിച്ചു.

എം സ്വരാജ് നാളെ നാമനിര്‍ദേശ പത്രിക നല്‍കും. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഉച്ചയോടെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എ പി സിന്ധുവിനാണ് പത്രിക സമര്‍പ്പിക്കുക. രാവിലെ നിലമ്പൂരില്‍ സ്വരാജിന് വന്‍ വരവേല്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള സ്റ്റേഷനുകളിലെല്ലാം മാലയിട്ട് സ്വീകരിച്ചു. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വേളയില്‍ തന്നെ നിലമ്പൂരിന്റെ ഗ്രാമ- നഗര പ്രദേശങ്ങളില്‍ ചെറുതും വലുതുമായ പ്രകടനങ്ങള്‍ നടന്നിരുന്നു. ജന്മനാട്ടില്‍ സ്വരാജ് പോരാട്ടത്തിനിറങ്ങുമ്പോള്‍ ചെറുതല്ലാത്ത ആവേശത്തിലാണ് നിലമ്പൂരുകാരെന്നത് വ്യക്തമാക്കുന്ന വിധത്തിലാണ് ഒരോ കേന്ദ്രങ്ങളിലെയും ജന പങ്കാളിത്തം. 

Exit mobile version