Site iconSite icon Janayugom Online

അഭിപ്രായ സര്‍വേകള്‍ പാടേ പിഴച്ചു

exit pollsexit polls

വോട്ടെണ്ണല്‍ നടന്ന നാല് സംസ്ഥാനങ്ങളില്‍ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പലതും പിഴച്ചു. ഇതിനു മുമ്പുള്ള ലോക് സഭ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പുറത്ത് വന്ന സര്‍വേ ഫലം ഏതാണ്ട് കൃത്യമായിരുന്നു. എന്നാല്‍ ഇത്തവണ മിക്കവയും പാളി. അഭിപ്രായ സര്‍വേ ഫലത്തില്‍ സംഭവിച്ച പാളിച്ച സ്വകാര്യ സര്‍വേ ഏജന്‍സികളുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ നവംബര്‍ 30നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നത്. 

തെലങ്കാനയിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസും രാജസ്ഥാനില്‍ ബിജെപിയും അധികാരത്തിലെത്തുമെന്നും മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് എന്നുമായിരുന്നു പ്രവചനം. ഇതില്‍ തെലങ്കാന, രാജസ്ഥാന്‍ പ്രവചനമാണ് ശരിയായി വന്നത്. 119 സീറ്റുള്ള തെലങ്കാനയില്‍ മൂന്നു സര്‍വേഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. ഇവിടെ 64 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. ഒരു സീറ്റ് നേടിയ സിപിഐയുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ ഭുപേഷ് ബാഗല്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനമെങ്കിലും വിധി വന്നപ്പോള്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. 90 സീറ്റുള്ള ഇവിടെ 46 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 56 സീറ്റുകള്‍ നേടി. 

200 സീറ്റുള്ള രാജസ്ഥാനില്‍ 101 സീറ്റാണ് കേവല ഭൂരിപക്ഷം. ബിജെപി ഇവിടെ 100 മുതല്‍ 122 സീറ്റുകള്‍ വരെ നേടുമെന്നും കോണ്‍ഗ്രസിന് 62 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ബിജെപി 112 സീറ്റുകളുടെ വിജയമാണ് നേടിയത്. കോണ്‍ഗ്രസ് 69ല്‍ ഒതുങ്ങി.
എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഫലമുണ്ടായത് മധ്യപ്രദേശിലാണ്. 230 സീറ്റുകളുള്ള ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 വേണ്ടിടത്ത് ബിജെപിക്ക് ലഭിച്ചത് 164. ദൈനിക് ഭാസ്കര്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് 105 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചപ്പോള്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ മാത്രമാണ് ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് പറഞ്ഞത്. 

You may also like this video

YouTube video player
Exit mobile version