അബുദാബിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട സാമൂഹ്യ പ്രവർത്തകൻ രജിലാലിന്റെ വേർപാടിൽ പൗരസമൂഹം അനുശോചിച്ചു. അബുദാബി കേരള സോഷ്യൽ സെന്റർ, ശക്തി തിയറ്റേഴ്‌സ് അബുദാബി, യുവകലാ സാഹിതി, ഫ്രെണ്ട്സ് എഡിഎംഎസ് എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു അനുശോചനയോഗം സംഘടിപ്പിച്ചത്. അൽ മൻസൂരി സ്പെഷലൈസ്ഡ് എഞ്ചിനീയറിങ്ങ് കമ്പനിയിൽ ഓപ്പറേഷന് മാനേജരായ രജിലാൽ കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് വാഹനാപകടം ഉണ്ടായത്. കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന രജിലാൽ പ്രവാസജീവതമാരംഭിച്ചതുമുതൽ പ്രവാസലോകത്തും പൊതുരംഗത്ത് സജീവമായിരുന്നു.
ഒമാനിൽ ജോലിചെയ്യവെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, കേരള വിങ്ങ്, കൈരളി, മലയാളം മിഷൻ, സഹം ഇന്ത്യൻ സ്‌കൂൾ തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വപരമായ പങ്ക് വഹിച്ച രജിലാൽ എട്ട് വര്ഷം മുമ്പ് അബുദാബിയിൽ എത്തിയതുമുതൽ കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്‌സിന്റെയും സജീവ പ്രവർത്തകനായിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
നാസർ വിളഭാഗം (ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ), എ. എൽ. സിയാദ് (ശക്തി തിയറ്റേഴ്‌സ് അബുദാബി), റോയ് ഐ വർഗ്ഗീസ് (യുവകലാസാഹിതി), അബ്ദുൽ ഗഫൂർ എടപ്പാൾ (ഫ്രെണ്ട്സ് ഓഫ് എഡിഎംഎസ്), അഡ്വ. അൻസാരി സൈനുദ്ദീൻ (ലോക കേരള സഭ അംഗം), സഫറുള്ള പാലപ്പെട്ടി (മലയാളം മിഷൻ), കെ. വി. ബഷീർ, രാഗേഷ് നമ്പ്യാർ, ഷെറിൻ വിജയൻ, അജിൻ പോത്തേര, ശ്രീകാന്ത്, ദിലീഷ്, പ്രകാശ് പല്ലിക്കാട്ടിൽ, വി. വി. നികേഷ്, റാണി സ്റ്റാലിൻ, പി. വി. കൃഷ്ണകുമാർ, ഷെരീഫ് മാന്നാർ, അനീഷ് ശ്രീദേവി, മനോജ് ടി. കെ., നവാസ്, സുമ വിപിൻ, ഗീത ജയചന്ദ്രൻ, ബിജിത് കുമാർ, പ്രജീഷ് മുങ്ങത്ത്, ദിനേശ് തുടങ്ങി പൊതുസമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നിരവധിപേർ അനുശോചനമർപ്പിച്ചുകൊണ്ട് സംസാരിച്ചു.