Site icon Janayugom Online

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി

shafi

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ പത്താം ദിവസം കർണാടകയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഭാര്യയെ വഴിയിൽ‌ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നുകളയുകയായിരുന്നു. 

സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്‌മാൻ, ഹുസൈൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകയ്ക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കിയതിന് ശേഷം കോഴിക്കോട് റൂറല്‍ പൊലീസ് സൂപ്രണ്ടിന്റെ വടകരയിലെ ഓഫിസില്‍ എത്തിച്ചാണ് നാല് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

തട്ടിക്കൊണ്ട് പോകല്‍ നടന്ന് പതിനൊന്ന് ദിവസമായിട്ടും അക്രമി സംഘത്തെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് കിട്ടിയിട്ടില്ല. സംഭവത്തിന് രണ്ടാഴ്ച മുമ്പ് പരപ്പൻപൊയിൽ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. ഇവരുടെ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമി സംഘം ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കാനെത്തിയതാണെന്നാണ് സൂചന. ഈ കാർ കാസർകോട് ചെർക്കളയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Eng­lish Summary:
Expa­tri­ate Moham­mad Shafi who was kid­napped from Thama­rassery has been found

You may also like this video:

Exit mobile version