Site iconSite icon Janayugom Online

ചരിത്രം തൊടുന്ന അനുഭവങ്ങൾ

മനുഷ്യനേയും സമൂഹത്തേയും സ്വാധീനിച്ച അന്വേഷണങ്ങളിൽ നിന്നാണ് ചരിത്രവും സാഹിത്യവും ഉടലെടുക്കുന്നത്. സ്ഥലകാലങ്ങളിൽ അടയാളപ്പെട്ടു കിടക്കുന്ന മനുഷ്യനെ ഭാവപരമായി വിമോചിപ്പിക്കുകന്നവയാണ് യാത്രകൾ. ഇവിടെ സർഗ്ഗാത്മകതയുടെ ചരിത്ര ഭൂപടത്തിലൂടെ സഞ്ചരിക്കുകയാണ് ചന്ദ്രൻ കണ്ണഞ്ചേരി എന്ന എഴുത്തുകാരൻ. കാലികവും മൗലികവുമായ സമസ്യകളെ യാത്രയുടെ ഉൾക്കാഴ്ച കൊണ്ട് നിർവചിക്കുകയാണ് അദ്ദേഹം. സാമൂഹ്യ പ്രക്രിയയിലെ നിരന്തരമായ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ യാത്രകൾ. തൻെറ യാത്രയിലൂടെ ഖനനം ചെയ്തെടുത്ത അനുഭവങ്ങൾ ഭാവി തലമുറയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് ‘ചരിത്രം വഴിനടന്ന സ്മൃതിഭൂമിയിൽ’ എന്ന സഞ്ചാര കൃതിയിലൂടെ ചന്ദ്രൻ കണ്ണഞ്ചേരി. കേരളത്തിലെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേക്കൽ കോട്ട, എടയ്ക്കൽ ഗുഹ, പശ്ചിമഘട്ട മലനിരകളിലെ വിവിധ സ്ഥലങ്ങൾ, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, എന്നിവിടങ്ങളിലെ ദൃശ്യവിസ്മയങ്ങൾ കൂടാതെ അന്തമാൻ ദ്വീപിലെ അനന്ത മനോഹാരിത എന്നിവ പതിനാറ് അധ്യായങ്ങളിലായി വിവരിക്കുകയാണ് ഈ പുസ്തകത്തിൽ. വടകരയ്ക്കടുത്തുള്ള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനെക്കുറിച്ചുളള എഴുത്തിന് ‘കരകൗശലകലയ്ക്കായ് ഒരിടംസർഗ്ഗാലയ’ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ജീവിതം പ്രതിരോധവും സംസ്കാരവും ആകണമെന്നതാണ് ഇവിടത്തെ ശിൽപപാഠം. കാസർകോട് പുകയില കൃഷിയുള്ള കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല. ഏഴു ഭാഷകൾ സംസാരിക്കുന്ന ജനത. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കടലിന് അഭിമുഖമായി നിർമ്മിച്ച ബേക്കൽ കോട്ട ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. അവിടെ വെച്ച് കന്നഡ സംസാരിച്ച പെൺകുട്ടിയ്ക്ക് മഴയുടെ സൗന്ദര്യം പകർത്തി കൊടുത്ത എഴുത്തുകാരൻ. പ്രണയത്തിന് ചെറുമഴയും സംഗീതം എന്ന് ആംഗ്യത്തിൽ ഒതുക്കി, പറയാതെ വിട്ട വാക്കുകൾ.

സുൽത്താൻ ബത്തേരിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെ അമ്പലവയലിനടുത്ത് എടക്കൽ ഗുഹ. മുകൾ ഭാഗം തുറന്ന ഈ ഗുഹാഭിത്തിയിൽ മൂവായിരം വർഷം മുമ്പ് മനുഷ്യൻ വരച്ചിട്ട ചിത്രരൂപങ്ങൾ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു. സൈലന്റ് വാലിയുടെ വെളളിക്കൊലുസായി കുന്തിപ്പുഴ ഒഴുകുന്നു. പ്രഭവകേന്ദ്രം മുതൽ കിലോമീറ്ററുകളോളം മനുഷ്യ സ്പർശമേൽക്കാതെ ഒഴുകുന്ന പുഴയാണ് കുന്തി. ഇന്ത്യയിൽ ഹിമാലയസാനുക്കൾ കഴിഞ്ഞാൽ ഏറ്റവും അധികം ജൈവവൈവിധ്യമുള്ള സ്ഥലമാണ് പശ്ചിമഘട്ടത്തിലെ സൈലന്റ് വാലി. ഇതിന്റെ ഏറിയ ഭാഗവും പാലക്കാട് ജില്ലയിലാണ്. പാലക്കാട്നെന്മാറ വഴി യാത്ര ചെയ്ത് നെല്ലിയാമ്പതി മലനിരകളിൽ എത്താം. പ്രകൃതി മനോഹാരിതയ്ക്കൊപ്പം ഓറഞ്ചു കൃഷി ധാരാളം ഉള്ള സ്ഥലമാണ് നെല്ലിയാമ്പതി. ‘വാഴച്ചാൽ വഴി വാൽപ്പാറ, അളിയാർ വഴി കാഞ്ഞിരപ്പുഴ’ എന്നതാണ് ഒരദ്ധ്യായത്തിന്റെ തലക്കെട്ട്. ഒച്ചവെച്ചു പെയ്ത മഴയാണ് ഷോളയാറിൽ ഈ യാത്രികനെ വരവേറ്റത്. മലക്കപ്പാറ പിന്നിട്ടപ്പോൾ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി തുടങ്ങിയിരുന്നു എന്നത് ഭാവാത്മകം. കടുവ സംരക്ഷണത്തിന് പേരുകേട്ട പറമ്പിക്കുളത്ത് തമിഴ്‌നാട് വഴിയാണ് എത്തിച്ചേർന്നത്. രാത്രി അവിടെ തങ്ങാനുള്ള പദ്ധതികൾ കാലേക്കൂട്ടി ഉറപ്പിച്ചിരുന്നു. മഹാവൃക്ഷ പുരസ്കാരം നേടിയ ലോകപ്രശസ്ത തേക്കുമരം ‘കന്നിമാര’ ഇവിടെയാണുളളത്. ലോക പൈതൃക സ്വത്തായി യുനെസ്കോ അംഗീകരിച്ചിട്ടുളളതാണ് പറമ്പിക്കുളം. ഗവി, തേക്കടി, കമ്പം വഴി രാമക്കൽമേട് എന്നതാണ് മറ്റൊരു യാത്ര. പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലാണ് ഗവി.

മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ആങ്ങമുഴിയിലെ ബോട്ട് യാത്ര, ഗവി ഡാമിനടുത്തുളള താമസം ഇവയെല്ലാം യാത്രികർക്ക് മറവി എടുക്കാത്ത സുഖാനുഭവങ്ങൾ സമ്മാനിച്ചെന്ന് എഴുത്തുകാരൻ. പെരിയാർ ടൈഗർ റിസർവിന് നടുവിലെ തേക്കടി ജലാശയം വന്യമൃഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. രാമക്കൽമേട് സമൃദ്ധമായ കാറ്റാടിപ്പാടമാണ്. കർണ്ണാടകയിലെ ഹസൻ ജില്ലയിൽ വിന്ധ്യാഗിരിനിരയിലെ ശ്രാവണബലഹോള. ഇവിടുത്തെ ബാഹുബലിയായ ഗോമതേശ്വര ശിൽപം പ്രശസ്തം. ശിൽപം കണ്ട എഴുത്തുകാരൻ: “കാഴ്ചയും അനുഭവവും ഓർമ്മയും മൗലികതയുടെ കുടചൂടി നിൽക്കുന്നു. ” ചില കാഴ്ചകൾ അങ്ങനെയാണ്. ലിഖിത രൂപത്തിൽ വർണ്ണിക്കുന്നത് ശ്രമകരം. ആന്ധ്രപ്രദേശിൽ ഹൈദരാബാദിൽ നിന്ന് വിജയവാഡ റോഡിൽ അനാജ്പുരിൽ നിന്നും തിരിഞ്ഞു ചെന്നാൽ സിനിമാനഗരക്കാഴ്ചകളുടെ റാമോജി. രണ്ടായിരം ഏക്കറിൽ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ഫിലിം സിറ്റി 1997ൽ പണിതു. ഒരു പകലിന്റെ ദൈർഘ്യത്തിൽ കണ്ട് തീർക്കാവുന്ന ഇടമല്ല ഇവിടമെന്ന് എഴുത്തുകാരൻ സൂചന തരുന്നു. വിസ്മയങ്ങളുടെ അതിവിസ്തൃത ലോകം എന്നത് അധിവിശേഷണം ആവില്ല. സിനിമാക്കാരോടായി ഇവിടുന്നുളള ലിഖിത സന്ദേശം “സ്ക്രിപ്റ്റുമായി വരൂ, സിനിമയുമായി പോകൂ” എന്നാണ്. ഹൈദരാബാദ് നെഹ്റു സുവോളജിക്കൽ പാർക്കിനു സമീപം വിശേഷപ്പെട്ട ഒരു മ്യൂസിയം ഉണ്ട്.

കാറുകളുടെ ചെറു രൂപങ്ങൾ പ്രദർശനത്തിന് വെച്ചിട്ടുളള ഇതിന്റെ പേരാണ് ‘സുധ കാർ മ്യൂസിയം. ’ സിഗരറ്റ്, താമര, ക്രിക്കറ്റ് ബാറ്റ്, പേന തുടങ്ങിയ മാതൃകകളിൽ എഞ്ചിൻ ഘടിപ്പിച്ച കാർ. കൗതുകവും സാങ്കേതികവിദ്യയും രൂപപ്പെടുത്തിയ ഇവ വേറിട്ട കാഴ്ചയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും മുപ്പത് കിലോമീറ്റർ സഞ്ചരിച്ചെത്തുന്ന മലയോരത്താണ് എല്ലോറ. ലോക പൈതൃക കേന്ദ്രമായ ഗുഹാസഞ്ജയമാണ് എല്ലോറ. ‘ശിൽപ്പകലയിലെ രത്നം’ എന്ന് വിശേഷണമുളള ഉയരത്തിൽ പണിത കൈലാസനാഥ ക്ഷേത്രം എന്ന ഒറ്റക്കൽശിൽപം ഇവിടെയാണ്. കരിങ്കല്ലിലും പാറയിലും ചെയ്ത കൊത്തുപണി വൈദഗ്ധ്യമാണ് എല്ലോറയെ വ്യത്യസ്തമാക്കുന്നത്. ബുദ്ധ, ജൈന, ഹിന്ദു വിശ്വാസങ്ങളിൽ അധിഷ്ഠിതമായ കൊത്തുപണികളാണ് ഗുഹകളിൽ കാണാനാവുക. മഹാരാഷ്ട്രയിൽ ഔറംഗാബാദ് ജില്ലയിലെ സഹ്യാദ്രി നിരയിലെ വാഗർ നദിയുടെ സമീപമുള്ള ചരിഞ്ഞ പാറക്കെട്ടിലാണ് അജന്ത ഗുഹകൾ. ഏഴ് കിലോമീറ്റർ വനത്തിലൂടെ ബസ് യാത്രയുണ്ട് അജന്തയിലേയ്ക്ക്. ലോക ശ്രദ്ധ നേടിയ ഇരുപത്തേഴ് ഗുഹകളാണ് ഇവിടെയുളളത്. മിഴിവേറും ചിത്രങ്ങളും ശിൽപങ്ങളും ദൃശ്യകൗതുകമാണെന്ന് വിവരണം. മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിൽ യുനസ്കോ അംഗീകരിച്ച ലാവണ്യ ശിൽപഗാലറിയാണ് ഖജുരാഹോ. നാല് കിലോമീറ്റർ ചുറ്റളവിൽ ഹിന്ദുബുദ്ധജൈന ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ് ഖജുരാഹോ. ഇന്തോആര്യൻ ശൈലിയിൽ മധ്യകാലഘട്ടത്തിലെ ഇന്ത്യൻ ചരിത്ര പശ്ചാത്തലത്തിലെ ശിൽപ്പകലയാണ് ഇവിടെ സന്ദശകരെ വരവേൽക്കുന്നതത്രെ. നിശബ്ദമായി നിറംകെട്ട് ഒഴുകുന്ന യമുനാനദിക്കരികിൽ വെണ്ണക്കല്ലിൽ തീർത്ത മുഗൾ ശിൽപകലയുടെ ഈടുവെപ്പാണ് താജ്മഹൽ. എഴുത്തുകാരന്റെ വാർഷിക കുടുംബയാത്രയാണ് ആഗ്രഡൽഹി സന്ദർശനം. അറ്റമില്ലാതെ, തമ്മിൽ അകലം പാലിച്ചും നാല് അതിരുകളേയും ബന്ധിപ്പിച്ചും പാളങ്ങളിൽ തീവണ്ടികൾ നമ്മെ ചുമന്ന് പോകുന്നതിലെ പുതുമയും പരാമർശമുണ്ട്.

തലസ്ഥാന നഗരിയിലെ രാജപാത ചരിത്രത്തിലേക്ക് നീണ്ടു പോകുന്നു. ഫത്തേപൂർസിക്രി, ആഗ്രകോട്ട, ചെങ്കോട്ട, മഥുരയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ വൃന്ദാവൻ, കുത്തബ്മിനാർ, ഇന്ത്യാ ഗേറ്റ്, സുപ്രീം കോടതി, പാർലമെന്റ്, രാജ്ഘട്ട്, ബഹായിടെമ്പിൾ(ലോട്ടസ് ടെമ്പിൾ) എല്ലാം ചെന്ന് കണ്ട വിശേഷങ്ങൾ വിഷയമാക്കിയിട്ടുണ്ട്. സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ ഇന്ദിരാഗാന്ധി മ്യൂസിയത്തിലെ ചോരപ്പാടുളള ഖദർ സാരി കണ്ട് സ്തബ്ധനായി നിന്ന കാര്യം എഴുത്തുകാരൻ കുറിച്ചിട്ടുണ്ട്. “ജീവനെടുക്കാം, സ്മരണകളേയോ? ” എന്നാണ് ഈ യാത്രികനായ എഴുത്തുകാരന്റെ പ്രതികരണം. സരോജിനി മാർക്കറ്റ്, ചാന്ദിനി ചൗക്ക്, കൊണാട്ട് പ്ലേസ്… അങ്ങനെ തീരാത്ത കാഴ്ചകൾ കൗതുകങ്ങളോടെ സന്ദർശകരെ കാത്ത് കിടക്കുന്നു. കാലം എന്ന മഹാശക്തി ലോകത്തിന് കാണിച്ചു കൊടുക്കുന്ന ചരിത്ര വിസ്മയങ്ങളെ സർഗാത്മകമായി അടയാളപ്പെടുത്തുകയാണ് തൻെറ സഞ്ചാര കൃതിയിലൂടെ എഴുത്തുകാരൻ.

ചരിത്രം വഴിനടന്ന സ്മൃതിഭൂമിയിൽ

ചന്ദ്രൻ കണ്ണഞ്ചേരി

പ്രിന്റ് ഹൗസ് വില: 110 രൂപ

Exit mobile version