വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. യുഎഇ റെഡ് ക്രസെന്റ് വഴി അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവഴിച്ചാണ് 140 ഫ്ലാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യ കേന്ദ്രം നിർമ്മിക്കും എന്നായിരുന്നു കരാർ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് നിർമ്മാണം എന്നായിരുന്നു വിജിലൻസിന്റെ സംശയം. പരാതികളും ആരോപണങ്ങളും ശക്തമായപ്പോഴാണ് 2020 സെപ്റ്റംബറിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
കെട്ടിടത്തിന്റെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് മുതലായവ വിജിലൻസ് നടത്തി. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധരും എറണാകുളം ക്വാളിറ്റി കൺട്രോൾ, പിഡബ്ല്യൂഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ അടങ്ങിയ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2019 ജൂലൈ11 നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയടക്കമുള്ളവർക്ക് കൈക്കൂലി നൽകിയെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം.
english summary; Expert committee says life mission flat not damaged
you may also like this video;