Site iconSite icon Janayugom Online

അഡാനി ക്രമക്കേടില്‍ വിദഗ്ധസമിതി: എതിര്‍പ്പില്ലെന്ന് കേന്ദ്രം, സെബി

sebisebi

അഡാനി ഗ്രൂപ്പിനെ സംബന്ധിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാരും സെബിയും സുപ്രീം കോടതിയില്‍. ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നായിരിക്കും സമിതി പരിശോധിക്കുക. കമ്മിറ്റി രൂപീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി.

ഓഹരി മേഖലയിലെ നിയന്ത്രണ സംവിധാനങ്ങളില്‍ സെക്യൂരിറ്റി എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പെടെ പൂര്‍ണ പ്രാപ്തരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. സമിതി അംഗങ്ങളെ തീരുമാനിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സീല്‍ ചെയ്ത കവറിനുള്ളില്‍ സമിതി അംഗങ്ങളുടെ പേരുകള്‍ കോടതിയില്‍ നല്‍കാമെന്നും വ്യക്തമാക്കി. 

ഓഹരി വിപണിയിലെ വിദ്ഗധര്‍, അന്താരാഷ്ട്ര ബാങ്കിങ് വിദഗ്ധര്‍, മുന്‍ ജഡ്ജി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള വിദഗ്ധ സമിതി എന്ന ആശയമാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്. ഓഹരി വിപണിയില്‍ ഒരു സമിതിയുടെ നിരീക്ഷണം സ്ഥിരമായി ഉണ്ടായിരിക്കും എന്ന പ്രവണത അന്താരാഷ്ട്ര തലത്തില്‍ നിന്നും ആഭ്യന്തര തലത്തില്‍ നിന്നുമുള്ള പണത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് സെബിയുടെ 22 പേജ് സത്യവാങ്മൂലത്തിലുണ്ട്. ഏതാനും കമ്പനികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഓഹരി വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കില്ലെന്നും സെബിക്ക് വേണ്ടി ഹാജരായ പ്രതാപ് വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ മുതൽ ഓഹരി കൃത്രിമം വരെയുള്ള ആരോപണങ്ങളാണ് അഡാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയിരിക്കുന്നത്. റിപ്പോർട്ടിന് പിന്നാലെ ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവുണ്ടായിരുന്നു. ഇതുവരെ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടം അഡാനി ഗ്രൂപ്പിനുണ്ടായി. 

വളര്‍ച്ചാലക്ഷ്യം വെട്ടിക്കുറച്ച് അഡാനി ഗ്രൂപ്പ്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ഓഹരി വിലയിടിവ് തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യം വെട്ടിച്ചുരുക്കി അഡാനി ഗ്രൂപ്പ്.
40 ശതമാനം വരുമാന വളര്‍ച്ച ലക്ഷ്യമിട്ട അഡാനി ഗ്രൂപ്പ് അത് 15–20 ശതമാനമായി ചുരുക്കി. അടുത്ത നിക്ഷേപപദ്ധതികള്‍ മൂന്ന് മാസത്തേക്ക് നീട്ടിവച്ചാല്‍ മാത്രം 300 കോടി ഡോളര്‍ വായ്പാ കുടിശികകള്‍ക്കായി വിനിയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം മൂലധന ചെലവുകള്‍ വെട്ടിച്ചുരുക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ അഡാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 8.35 ശതമാനം ഇടിഞ്ഞു. അഡാനി പോര്‍ട്‌സ് ഏഴുശതമാനം കുറഞ്ഞ് 545.95 കോടി രൂപയായി. ആറ് അഡാനി കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി.

Eng­lish Sum­ma­ry: Expert pan­el on Adani irreg­u­lar­i­ties: Cen­ter, SEBI no objection

You may also like this video

Exit mobile version