കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ ഭീമമായ കടത്തിലായ സാഹചര്യത്തില്‍ വൈദഗ്ധ്യമുള്ളവരെ തലപ്പത്ത് കൊണ്ടുവരാന്‍ ആലോചന. കേന്ദ്ര റയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിനിന്റെ പേരിനാണ് മുന്‍ഗണന.
കൊച്ചി മെട്രോയുടെ നിലവിലെ എംഡിയും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബെഹ്റയെ ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്റെ മേധാവിയായി നിയമിക്കുമെന്നാണ് സൂചന. ഇതിനുമുന്നോടിയായി കൊച്ചി ജലമെട്രോയെക്കൂടി കോര്‍പറേഷനില്‍ ലയിപ്പിച്ചേക്കും. ഇന്നലെയായിരുന്നു കൊച്ചി മെട്രോയുടെ അഞ്ചാം വാര്‍ഷികം.
മെട്രോ റയില്‍ സംവിധാനത്തിന്റെ ആചാര്യനെന്നു വിശേഷിപ്പിക്കപ്പെടുന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹം തയാറാക്കി നടപ്പാക്കിയ പദ്ധതി അപ്പാടെ പാളിയെന്നാണ് കൊച്ചി മെട്രോയുടെ ഇപ്പോഴത്തെ ദയനീയസ്ഥിതി വിളിച്ചോതുന്നത്. പ്രതിദിനം 4.5 ലക്ഷം പേര്‍ മെട്രോയില്‍ സഞ്ചരിക്കുമെന്നായിരുന്നു കണക്കാക്കിയതെങ്കില്‍ ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചത് അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നു ദിവസം മാത്രം. വെറും 85,000 പേര്‍ വരെ.
ഇപ്പോള്‍ ശരാശരി ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം 27,000. 14 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച കൊച്ചി മെട്രോ ഇതിനകം കുന്നുകൂട്ടിയത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മാത്രം 634 കോടിയില്‍പരം നഷ്ടമെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷവും നഷ്ടം 300 കോടി കടക്കുമെന്നാണ് സൂചന. പ്രതിദിനം ഒരു കോടിയിലേറെ നഷ്ടം കൊയ്യുന്ന കൊച്ചി മെട്രോയുടെ വായ്പകള്‍ ജൂലൈ — ഓഗസ്റ്റ് മുതല്‍ തിരിച്ചടച്ചു തുടങ്ങണം.
മെട്രോയുടെ സംരക്ഷണ ചെലവുകള്‍ക്ക് വരുത്തിയ 35 കോടിയുടെ കുടിശിക നല്കാത്തതിനാല്‍ സംരക്ഷണ പൊലീസിനെ പിന്‍വലിച്ചത് കഴിഞ്ഞ മാസമാണ്. ഇതിനു തൊട്ടുപിന്നാലെ അജ്ഞാതര്‍ നുഴഞ്ഞുകയറി മെട്രോ റയില്‍ തകര്‍ക്കുമെന്ന മുദ്രാവാക്യം എഴുതിവച്ച സംഭവവുമുണ്ടായി.
യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാതെ യാത്രക്കാരുടെ എണ്ണം നിര്‍ണയിച്ചത് പദ്ധതിയുടെ അധോഗതിക്കു കാരണമായി എന്നാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൊച്ചി നഗരത്തിലെ ജനസംഖ്യ ആറുലക്ഷം മാത്രമാണ്. ഇവിടെ നിന്നും പ്രതിദിനം 4.5 ലക്ഷം മെട്രോ യാത്രക്കാരുണ്ടാവുമെന്ന കണക്കോടെ തുടക്കത്തില്‍ തന്നെ പദ്ധതി പാളിയെന്നു തെളിയുന്നു.
English summary;Experts are coming to the head of the metro
You may also like this video;