Site icon Janayugom Online

വൈദ്യുതി ഭേദഗതി ബിൽ ഫെഡറൽ ഘടനയ്ക്ക് എതിരെന്ന് വിദഗ്ധർ

2022 ലെ വൈദ്യുതി (ഭേദഗതി) ബിൽ നിലവിലെ രൂപത്തിൽ പാസാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് വിദഗ്ധർ. ഇത് രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കെതിരാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി അക്കാദമിക് വിദഗ്ധർ, നിയമജ്ഞർ, മുൻ ഭരണാധികാരികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയായ പീപ്പിൾസ് കമ്മിഷൻ ഓൺ പബ്ലിക് സെക്ടർ ആന്റ് സർവീസസ് സംയുക്ത പ്രസ്താവന പുറത്തിറക്കി.

മുൻ വൈദ്യുതി സെക്രട്ടറി ഇ എ എസ് ശർമ, മുൻ കേരള ധനമന്ത്രി തോമസ് ഐസക്, ആസൂത്രണ കമ്മിഷൻ മുൻ അംഗം എസ് പി ശുക്ല, മുൻ ജെഎൻയു പ്രൊഫസർ സി പി ചന്ദ്രശേഖർ, മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് തുടങ്ങിയവരുൾപ്പെട്ടതാണ് കമ്മിഷൻ.

പുതിയ ബിൽ സംസ്ഥാനത്തിന്റെ ധനകാര്യത്തിൽ വലിയ സ്വാധീനം ചെലുത്തും. വൈദ്യുതി ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലാണ്. അതിന്റെ മുഴുവൻ വിതരണവും സംസ്ഥാനങ്ങളുടെ അധികാരമാണ്. എന്നാൽ 1996 മുതൽ നവീകരണഘട്ടത്തിൽ ഈ മേഖല ഫലത്തിൽ കേന്ദ്ര വിഷയമായി പരിഗണിക്കപ്പെടുകയാണ്. നയങ്ങൾ കേന്ദ്രമാണ് രൂപപ്പെടുത്തുന്നത്. ഔപചാരികതയുടെ പേരിൽ മാത്രം സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു.

വൈദ്യുതി ഉല്പാദനം, വിതരണം, നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കേന്ദ്രമാണ് എടുക്കുന്നത്. പണത്തിന്റെയും വികസന, സാമ്പത്തിക, നിയന്ത്രണ സ്ഥാപനങ്ങളുടെയും നിയന്ത്രണം കേന്ദ്രത്തിനായതിനാൽ സംസ്ഥാനങ്ങൾ അനുസരിക്കാൻ നിർബന്ധിതരാകുകയാണ്.

2022 ലെ ബിൽ ബാഹ്യ ഏജൻസികൾ നിർദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുക വഴി സംസ്ഥാനങ്ങളുടെ പ്രത്യേക അധികാരത്തെ ചവിട്ടിമെതിക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയുടെ അന്തസിന് വിരുദ്ധമാകുമെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.

Eng­lish summary;Experts say the Elec­tric­i­ty Amend­ment Bill is against the fed­er­al structure

You may also like this video;

Exit mobile version