മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതളപാനീയം നൽകിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മാർച്ചിൽ കാലാവധി കഴിഞ്ഞ ശീതളപാനീയമാണ് യാത്രക്കാർക്ക് വിതരണം ചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
2024 സെപ്റ്റംബർ 25ന് നിർമ്മിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതളപാനീയമാണ് യാത്രക്കാർക്ക് നൽകിയത്. ഇത് സംബന്ധിച്ച പരാതി കാറ്ററിംഗ് ജീവനക്കാർ നിസ്സാരവത്കരിച്ചതായും യാത്രക്കാർ ആരോപിച്ചു. കേസ് ജൂൺ 26‑ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ പരിഗണിക്കും.

