Site iconSite icon Janayugom Online

കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഡോക്ടർ അറസ്റ്റില്‍

കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് നൽകിയ സംഭവത്തില്‍ ഡോക്ടർ അറസ്റ്റിൽ. മാറാട് മെഡിക്കൽ സെന്റർ നടത്തുന്ന ഡോ. ഇ കെ കണ്ണനെയാണ്(69) പൊലീസ് അറസ്റ്റ് ചെയ്തത്. മാറാട് പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തകർ രോഗികളുടെ വീടുകളിൽ നടത്തിയ പതിവ് സന്ദർശനത്തിനിടെയാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകുപ്പികളിൽ ഒട്ടിച്ചിരുന്ന കാലാവധി രേഖപ്പെടുത്തിയ ലേബലുകൾ ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു.

പാലിയേറ്റീവ് പ്രവർത്തകർ മാറാട് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സെന്ററിൽ പോലീസ് പരിശോധന നടത്തുകയും തുടർന്ന് ഡ്രഗ് കൺട്രോൾ വിഭാഗത്തെ വിവരമറിയിക്കുകയുമായിരുന്നു. ഡ്രഗ് ഇൻസ്പെക്ടർ മുഹമ്മദ് നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി മരുന്നുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത മരുന്നുകൾ തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കും.

Exit mobile version