Site iconSite icon Janayugom Online

യുഡിഎഫില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസിനെതിരെ ലീഗ്

കൊച്ചി കേര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയറെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ക്ക് ഒപ്പം മറ്റൊരു വെല്ലുവിളിയുമായി മുസ്ലിം ലീഗ്. ഡെപ്യൂട്ടി മേയറായി ദീപക് ജോയിയെ പ്രഖ്യാപിച്ച നടപടി ഏകപക്ഷീയമാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ഡെപ്യൂട്ടി മേയര്‍ പദവി വേണമെന്ന് നേരത്തെ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലോചിച്ച ശേഷം മറുപടി പറയാമെന്നാണ് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചത്. എന്നാല്‍ കൂടിയാലോചനകള്‍ക്ക് നില്‍ക്കാതെ ദിപക് ജോയിയെ ഡെപ്യൂട്ടി മേയറായി തീരുമാനിക്കുകയായിരുന്നു. 

ഇതാണ് ഇപ്പോള്‍ പൊട്ടി തെറിയിലേയ്ക്ക് നയിച്ച ഘടകം. കഴിഞ്ഞ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ മുസ്ലിംലീഗ് വിമതനായി വിജയിച്ച ടി കെ അഷറഫ് ഇക്കുറി തിരികെ ലീഗിലെത്തിയിരുന്നു. കലൂര്‍ നോര്‍ത്ത് വാര്‍ഡില്‍ മത്സരിച്ച് ജയിച്ച അഷറഫിനെ ഡെപ്യൂട്ടി മേയറാക്കണമെന്നായിരുന്നു ലീഗ് ആവശ്യപ്പെട്ടത്. ഇക്കാര്യം ഡിസിസിയില്‍ ചര്‍ച്ച ചെയ്ത് യുഡിഎഫില്‍ ആലോചിക്കാമെന്നായിരുന്നു ലീഗിന് ലഭിച്ച മറുപടി. അനുകൂല തീരുമാനം പ്രതീക്ഷിച്ചിരുന്ന ലീഗിന് തിരിച്ചടി സമ്മാനിച്ചാണ് ഡെപ്യൂട്ടി മേയര്‍ പദവിയും കോണ്‍ഗ്രസ് ഏറ്റെടുത്തത്.

Exit mobile version