Site icon Janayugom Online

എറണാകുളം യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

ഭാരവാഹി തെരഞ്ഞെടുപ്പിന് പിന്നാലെ എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ആദ്യ മൂന്നു സ്ഥാനങ്ങളിൽ വന്നവരെല്ലാം ക്രിമിനൽ കേസിൽ പ്രതികളായിരുന്നുവെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു. സിജോ ജോസഫിനെ ജില്ലാ പ്രസിഡന്റായി നിയോഗിച്ചതോടെ അന്തഃസംഘര്‍ഷം രൂക്ഷമായി. സിജോ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. 

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞ സംസ്ഥാന–ജില്ലാ നേതാക്കൾ രാജിക്കൊരുങ്ങുകയാണ്. കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനായ കെ പി ശ്യാമാണ് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയത്. ശ്യാമിനെതിരെയും കേസുണ്ടെന്ന് എതിർ ഗ്രൂപ്പുകാർ കണ്ടെത്തി. ഒന്നും രണ്ടും സ്ഥാനക്കാർ നേരത്തെ ക്രിമിനൽ കേസിൽ പ്രതികളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ചിരുന്നു. 

ജില്ലയിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പി എച്ച് അനൂപിനാണ്. അതിന്റെ അടിസ്ഥാനത്തിൽ അനൂപ് പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാൽ അനൂപ് വധശ്രമ കേസിൽ ജയിലിലാണ്. ഈ സാഹചര്യത്തിലാണ് വോട്ടിങ് നിലയിൽ രണ്ടാമതെത്തിയ സിജോ ജോസഫിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. സിജോ എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയാണെന്നാണ് വിവരം.

വോട്ടിങ് നിലയിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയവരും ക്രിമിനൽ കേസിൽ പ്രതികളായതോടെ ഈ അവസരം കെസി വേണുഗോപാൽ പക്ഷം മുതലെടുക്കുകയായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ കെ പി ശ്യാമിന്റെ പേരാണ് വേണുഗോപാൽ പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്. ആളെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് ശ്യാമിനെതിരെ ക്രിമിനല്‍ കേസുള്ളത്.

Eng­lish Summary:Explosion in Ernaku­lam Youth Congress
You may also like this video

Exit mobile version