അസര്‍ബൈജാനിലെ നഗോര്‍ണോ-കറാബാഖിലെ ഇന്ധന സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക തലസ്ഥാനമായ സ്റ്റെപനെകേര്‍ട്ടില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. 290 പേരാണ് ചികിത്സയിലുള്ളത്. നിരവധിപ്പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. നിരവധിപ്പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. 13 അജ്ഞാത മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ-കറാബാഖില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ വംശീയ ഉന്മൂലനം ഭയന്ന് 13,350 അഭയാര്‍ത്ഥികള്‍ അര്‍മേനിയയില്‍ എത്തിയെന്ന അര്‍മേനിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവം. നഗോര്‍ണോ-കറാബാഖില്‍ 1,20,000 അര്‍മേനിയന്‍ വംശജരാണുള്ളത്. മേഖലയില്‍ വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്നാണ് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയാന്‍ വ്യക്തമാക്കിയത്. അര്‍മേനിയന്‍ വംശജരെ തുല്ല്യ പൗരന്മാരായി കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് അസര്‍ബൈജാന്‍ വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ പിന്തുണയുള്ള ചര്‍ച്ചകള്‍ക്കായി അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞയാഴ്ച അസര്‍ബൈജാന്‍ നഗോര്‍ണോ-കറാബാഖില്‍ പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്.
അസര്‍ബൈജാന്‍ സൈന്യം കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 200 അര്‍മേനിയക്കാരും പന്ത്രണ്ടിലേറെ അസര്‍ബൈജാനി സൈനികരും അഞ്ച് റഷ്യന്‍ സേനാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ കോക്കസസിലെ പര്‍വതമേഖലയായ നഗോര്‍ണോ-കറാബാഖ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതു പ്രകാരം അസര്‍ബൈജാന്റെ ഭാഗമാണെങ്കിലും മൂന്ന് പതിറ്റാണ്ടായി അര്‍മേനിയന്‍ വംശജരുടെ നിയന്ത്രണത്തിലായിരുന്നു. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ-കറാബാഖില്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പലായനം ആരംഭിച്ചത്.
English Summary: Explosion in fuel storage: 20 killed
You may also like this video