Site icon Janayugom Online

കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി; ജില്ലാ ചെയർമാൻ രാജിവച്ചു

congress

കോട്ടയത്ത് യുഡിഎഫിൽ അസ്വസ്ഥത പടരുന്നു. യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജി വച്ചു. ജില്ല ചെയർമാൻ സ്ഥാനത്തിനൊപ്പം കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സ്ഥാനവും സജി ഒഴിഞ്ഞു. പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ കൂടി ആയ മോൻസ് ജോസഫും ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് രാജിക്ക് കാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മോൻസ് തന്നെ അകറ്റി നിർത്തുന്നു എന്നാണ് സജിയുടെ ആരോപണം. ഏകാധിപത്യവും ധാർഷ്ട്യവും ആണ് മോൻസിന്. യുഡിഎഫ് ജില്ല ചെയർമാൻ ആയ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ബോധപൂർവം അകറ്റുകയാണ്. ഇക്കാര്യം പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ ശ്രദ്ധയിൽപെടുത്തി എങ്കിലും പ്രയോജനം ഉണ്ടായില്ലെന്നും സജി ആരോപിച്ചു. 

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോട്ടയം സീറ്റിൽ മത്സരിക്കാൻ ഉള്ള ആഗ്രഹം സജി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പി ജെ ജോസഫ് ഇടപെട്ട് നിയമസഭാ സീറ്റ് നൽകാം എന്ന ഉറപ്പിന്മേൽ സജിയെ അനുനയിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥി ആയി വന്ന ശേഷം ഒരു കാര്യങ്ങളും തന്നെ മോൻസ് അറിയിക്കാറില്ലെന്ന് സജി പറയുന്നു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ കോട്ടയം സീറ്റിന്റെ അവകാശം ഉന്നയിച്ച് പി ജെ ജോസഫ് രംഗത്തുവന്നത് യുഡിഎഫിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് വന്നതോടെ കോട്ടയം സീറ്റ് കയ്യിൽ ഒതുക്കാമെന്ന് ഉള്ള കോൺഗ്രസിന്റെ മോഹത്തിന് ഏറ്റ ആദ്യ തിരിച്ചടി ആയിരുന്നു അത്. ജോസഫ് ഗ്രൂപ്പിന് ജില്ലയിൽ അത്ര വേരോട്ടം ഇല്ലെന്ന കാരണത്താൽ തള്ളാൻ നോക്കിയെങ്കിലും അവസാനം സീറ്റ് വിട്ട് കൊടുക്കേണ്ടി വരികയായിരുന്നു. ഇതിനിടയിൽ കേരള കോൺഗ്രസിൽ തന്നെ ഉണ്ടായ തർക്കവും രാജിയും കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Explo­sion in Kot­tayam UDF; The dis­trict chair­man resigned
You may also like this video

Exit mobile version