Site iconSite icon Janayugom Online

കയറ്റുമതി പ്രതിസന്ധി രൂക്ഷം

രണ്ട് മാസത്തോളമായി തുടരുന്ന ചെങ്കടൽ ചരക്കു നീക്ക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിഞ്ഞ് കേരളത്തിന്റെ കയറ്റുമതി മേഖല.
കടത്തു കൂലിയിലുണ്ടായ വൻ വർധനവും കണ്ടെയ്‌നർ ദൗർലഭ്യവും തുടങ്ങി മേഖല നേരിടുന്ന കനത്ത വെല്ലുവിളികൾ പലതാണ്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര പാതയായ ചെങ്കടൽ വഴിയുള്ള ചരക്കുകപ്പലുകൾക്കു നേരെ ഹൂതി വിമതരിൽ നിന്ന് ആക്രമണമുണ്ടായതോടെ 6,000 നോട്ടിക്കൽ മൈൽ ചുറ്റിവളഞ്ഞാണ് ചരക്കുകപ്പലുകളുടെ യാത്ര. ഇതിനാൽ, ഈ കപ്പലുകൾ കൊച്ചി തുറമുഖത്ത് തിരിച്ചെത്താൻ സാധാരണയിൽ നിന്ന് 20 ദിവസങ്ങൾ അധികം വേണ്ടി വരും. മൂന്നാഴ്ചയിലധികമായി യൂറോപ്പിലേക്ക് നേരിട്ടുള്ള കപ്പലുകൾ കൊച്ചിയിലെത്തുന്നില്ല. കണ്ടെയ്‌നറുകൾക്കായി കാത്തു കിടക്കേണ്ട സ്ഥിതി. പ്രശ്‌നം അനിശ്ചിതമായി നീളുന്നതിനാൽ വിദേശ ഓർഡറുകൾ യഥാസമയം എത്തിക്കാൻ കഴിയാതെ വലയുകയാണ് കയറ്റുമതിക്കാർ.
ചെങ്കടലിൽ പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾത്തന്നെ, ജനുവരിയിൽ പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് കയറ്റുമതിക്കാരുടെ സംഘടന ആശങ്ക പ്രകടിപ്പിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ചരക്ക് കടത്ത് കൂലി നിയന്ത്രിക്കുന്നതിനായി റഗുലേറ്ററി അതോറിട്ടി രൂപീകരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു.

യൂറോപ്പിലേക്കുള്ള കടത്തു കൂലി 20 അടി കണ്ടെയ്‌നറിന് 450 ഡോളറായിരുന്നത് 2000ത്തിലേക്കും 40 അടി കണ്ടെയ്‌നർ കടത്തു കൂലി 900 ഡോളറായിരുന്നത് 5550ലേക്കും ഉയർന്നതായി വ്യാപാരികൾ പറയുന്നു. ഗൾഫ് മേഖലയിലേക്കുള്ള കടത്തുകൂലിയിലും വലിയ വർധനയാണുണ്ടായിരിക്കുന്നത്.
പ്രതിസന്ധി രൂക്ഷമായതോടെ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഏതാണ്ട് മൂന്നിലൊന്നായി കുറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി തുടർന്നാൽ, സാധാരണ നിലയിൽ കയറ്റുമതി ഉയരുന്ന അടുത്ത രണ്ട് മാസം മേഖല കനത്ത തിരിച്ചടി നേരിടേണ്ടിവരും. ഇതിനിടെ, ഇറക്കുമതിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസ് വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയുമായി ഇറക്കുമതിക്കാർ രംഗത്തെത്തി. പരിശോധന വൈകുന്നതു മൂലം കൊച്ചി, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ മൂന്ന് മാസത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും ഇതുമൂലം ഭീമമായ നഷ്ടം നേരിടുകയാണെന്നുമാണ് അവരുടെ പരാതി.

Eng­lish Summary;Export cri­sis worsens

You may also like this video

Exit mobile version