Site iconSite icon Janayugom Online

കേരളത്തിൽ നിന്ന് വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി 14,684 ടൺ

airportairport

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴി 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കയറ്റുമതി ചെയ്തത് 14,684.28 ടൺ ഉല്പന്നങ്ങൾ. പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും തേങ്ങയും മുട്ടയും പൂക്കളും അടക്കമുള്ളവയുടെ കണക്കാണിത്. ഭക്ഷ്യോല്പന്നങ്ങൾ, ഇലകൾ, പൂക്കൾ തുടങ്ങി പെട്ടെന്ന് കേടാകുന്ന ഉല്പന്നങ്ങളാണ് എയർ കാർഗോ വഴി കൂടുതലും കയറ്റി അയക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ മാത്രം 5,409.563 ടൺ ഉല്പന്നങ്ങളാണ് നാല് വിമാനത്താവളങ്ങൾ വഴി കയറ്റിയയച്ചത്. നവംബറിൽ 4,515.824 ടണ്ണും ഡിസംബറിൽ 4,758.896 ടണ്ണും കയറ്റുമതി ചെയ്തു. ഇതില്‍ സിംഹഭാഗവും പോകുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്. യുകെ, അയർലൻഡ്, യുഎസ് എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയും കോഴിക്കോട് വിമാനത്താവളം വഴിയുമാണ് കൂടുതല്‍ കയറ്റുമതി. 6,633.273 ടണ്ണാണ് കൊച്ചി വിമാനത്താവളം വഴി മാത്രം കഴിഞ്ഞ മൂന്നുമാസങ്ങളിലായി കയറ്റിയയച്ചത്. വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയുടെ 45 ശതമാനത്തിലധികം കൊച്ചി വഴിയാണ്.

3,426.01 ടൺ ഉല്പന്നങ്ങൾ (23.3 ശതമാനം) തിരുവനന്തപുരം വഴിയും 3,948 ടൺ (27 ശതമാനം) കോഴിക്കോട് വിമാനത്താവളം വഴിയും കയറ്റുമതി ചെയ്തു. 677 ടണ്ണിന്റെ (4.6 ശതമാനം) കയറ്റുമതിയാണ് കണ്ണൂർ വിമാനത്താവളം വഴി നടന്നത്. 2022 ഒക്ടോബർ‑ഡിസംബർ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സിയാൽ വഴിയുള്ള കയറ്റുമതി കൂടി. എട്ട് ശതമാനമാണ് വർധന.

Eng­lish Sum­ma­ry: Exports from Ker­ala through air­ports were 14,684 tonnes
You may also like this video

Exit mobile version