Site iconSite icon Janayugom Online

സെന്തില്‍ ബാലാജിയെ പുറത്താക്കല്‍; തിരിച്ചടി ഭയന്ന് ഗവര്‍ണറുടെ പിന്മാറ്റം

senthil balajisenthil balaji

നിയമനക്കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള തമിഴ്‍നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണര്‍ ആര്‍ എന്‍ രവി തിടുക്കപ്പെട്ട് തീരുമാനം മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന്.
കഴിഞ്ഞ ദിവസം രാത്രിയാണ് വകുപ്പില്ലാ മന്ത്രിയായ തുടരുന്ന സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ പ്രത്യേക ഉത്തരവ് പ്രകാരം പുറത്താക്കിയത്. മുഖ്യമന്ത്രിയോട് ആലോചിക്കാതെ തിടുക്കപ്പെട്ട് മന്ത്രിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തുവന്നതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തുകയായിരുന്നു. 

ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയുടെ ഉപദേശം തേടാനാണ് ഷാ നല്‍കിയ നിര്‍ദേശം. അമിത് ഷായുടെ സന്ദേശം ലഭിച്ച ഉടന്‍ തന്നെ മന്ത്രിയെ പുറത്താക്കിയ ഉത്തരവ് ഗവര്‍ണര്‍ ആര്‍ എന്‍ രവി പിന്‍വലിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉപദേശം തേടിയതായും, അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ പുറത്താക്കിയ തീരുമാനം താല്‍ക്കാലികമായി പിന്‍വലിക്കുന്നതായും അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

മന്ത്രിയെ പുറത്താക്കിയ തീരുമാനം ഗവര്‍ണര്‍ ഏകപക്ഷീയമായി എടുത്തതാണോ, കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നുള്ള വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. മന്ത്രിയെ പുറത്താക്കി ആദ്യം ഉത്തരവ് വന്നതോടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും പ്രശ്നം നിയമപരമായി നേരിടുമെന്നും സ്റ്റാലിന്‍ തുറന്നടിച്ചിരുന്നു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 154,163, 164 വകുപ്പുകള്‍ അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്നാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കിയ വിശദീകരണം. ഭരണഘടന ആര്‍ട്ടിക്കിള്‍ 164 അനുസരിച്ച് മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണറാണ്. മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണര്‍ മന്ത്രിമാരായി നിയമിക്കുന്നത്. ഇതോടൊപ്പം ഗവര്‍ണറുടെ പ്രീതി അനുസരിച്ച് മന്ത്രിമാര്‍ക്ക് തുടരാമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഗവര്‍ണറുടെ പ്രീതിയും അപ്രീതിയും സംബന്ധിച്ച വിഷയം നിരവധി തവണ സുപ്രീം കോടതി വരെ എത്തിയ വിഷയമാണ്. ഇത് ഒരിക്കല്‍കൂടി വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.

ഗവര്‍ണറുടെ പ്രീതിയും അപ്രീതിയും ഇവിടെ മുഖ്യവിഷയമല്ലെന്നും മുഖ്യമന്ത്രിയുടെ അഭിപ്രായം അനുസരിച്ച് മാത്രമെ ഇത്തരം കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും ലോക‍്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാരി പറഞ്ഞു. സെന്തില്‍ ബാലാജിയെ ഇഡി കസ്റ്റഡിയില്‍ എടുത്ത ദിവസം തന്നെ ഗവര്‍ണര്‍ ആര്‍ എന്‍ രവി സുഗമമായ അന്വേഷണം ഉറപ്പുവരുത്താന്‍ മന്ത്രിയെ ഒഴിവാക്കണമെന്ന് കാട്ടി കത്ത് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Expul­sion of Senthil Bal­a­ji; Fear­ing back­lash, the gov­er­nor retreated

You may also like this video

Exit mobile version