Site iconSite icon Janayugom Online

പുറത്താക്കല്‍ ഭീഷണി: കാനഡയില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

UKUK

കനേഡിയൻ സര്‍ക്കാരിന്റെ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തിയതിന് പിന്നാലെ പുറത്താക്കല്‍ ഭീഷണി നേരിടുന്ന വിദേശവിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വ്യാപകമായി. പുതിയ നീക്കത്തിലൂടെ ഏഴായിരത്തിലധികം വിദേശവിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരിലേറെയും ഇന്ത്യക്കാരാണ്.
വിദ്യാർത്ഥികളെയും താല്‍ക്കാലിക തൊഴിലാളികളെയും രാജ്യത്തു നിന്നു നാടുകടത്താൻ അനുവദിക്കുന്ന പുതിയ നയമാറ്റങ്ങൾ പിൻവലിക്കണമെന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ നിയമനിർമ്മാണ അസംബ്ലിക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലും ഇന്ത്യൻ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധം നടത്തി. 

തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും, താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും വർക്ക് പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറയ്ക്കും, പെർമനന്റ് റസിഡൻസി അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും, അന്താരാഷ്ട്ര വിദ്യാർത്ഥികളെ രാജ്യത്തേക്ക് എത്തിക്കുന്നത് കുറയ്ക്കും എന്നിവ അടക്കമുള്ള മാറ്റങ്ങളാണ് പ്ര­ഖ്യാ­പിച്ചിരിക്കുന്നത്. അടുത്ത മാസം 26 മുതല്‍ നിയമം പ്രബല്യത്തില്‍ വരും.
വേഗത്തിലുള്ള ജനസംഖ്യാ വളർച്ച, തൊഴിലില്ലായ്മ എന്നിവയാണ് മാറ്റങ്ങൾക്ക് പിന്നിൽ. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ കാനഡയിലെ ജനസംഖ്യാ വളർച്ചയുടെ ബഹുഭൂരിപക്ഷവും (ഏകദേശം 97 ശതമാനം) കുടിയേറ്റം മൂലമാണ്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6.4 ശതമാനമായി വർധിച്ചു. രാജ്യത്തുടനീളം 14 ലക്ഷം ആളുകൾക്ക് ജോലിയില്ല. 

അടുത്ത വർഷം നടക്കാനിരിക്കുന്ന തെര­‍ഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ട്രൂഡോ സർക്കാർ നയമാറ്റവുമായി മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ നിന്നാണ് കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശവിദ്യാര്‍ത്ഥികളെത്തുന്നത്.

Exit mobile version