Site iconSite icon Janayugom Online

വിസ്താര സര്‍വീസുകള്‍ നവംബര്‍ 11 വരെ

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിനുശേഷം എയര്‍ ഇന്ത്യയാകും നടത്തുക. 

മുഴുവന്‍ വിമാനങ്ങളും എയര്‍ ഇന്ത്യ ബ്രാന്‍ഡിലേക്ക് മാറുകയും ചെയ്യും. മാറ്റത്തിന്റെ ഈ കാലയളവില്‍ ആവശ്യമായ പിന്തുണയും സൗകര്യവും യാത്രക്കാര്‍ക്ക് ഉറപ്പാക്കുമെന്ന് എയര്‍ ഇന്ത്യയും വിസ്താരയും അറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി.
ലയനത്തിന് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തുടങ്ങിയവയുടെ അനുമതി ലഭിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായാണ് വിസ്താര എയര്‍ലൈന്‍സ് തുടങ്ങിയത്. ലയനത്തിന് ശേഷം എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഷെയറുകളാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങുക.

Exit mobile version