Site iconSite icon Janayugom Online

കാർഷിക വളർച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം: മുഖ്യമന്ത്രി

കാർഷിക മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് വിപുലമായ ആസൂത്രണമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികൾ ഇതിനോടകം സംസ്ഥാനത്ത് ആവിഷ്കരിച്ചിട്ടുണ്ട്.

കാർഷിക മേഖല അഭിവൃദ്ധി കൈവരിക്കുമ്പോൾ അതിന്റെ ഭാഗമായുണ്ടാകുന്ന ഉല്പാദന വർധനവ് കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ട സംവിധാനങ്ങളും ഒരുക്കും. കൃഷി വകുപ്പിനു പുറമെ, തദ്ദേശ സ്ഥാപനങ്ങളും സഹകരണ വകുപ്പും വ്യവസായ വകുപ്പും ഇതിൽ പങ്കുചേരും. ഉല്പാദന വർധനവിന് ആധുനിക, ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നിരവധി കർഷകർ ഇപ്പോൾ സംസ്ഥാനത്തുണ്ട്.

പുതിയതായി നിരവധി ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് കടന്നുവരുന്നത് ശുഭസൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനായിരുന്നു. ഞങ്ങളും കൃഷിയിലേക്ക് വിപുലമായ ജനകീയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ഒരിഞ്ചു മണ്ണുപോലും വെറുതെയിടാതെ നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കുന്നതിനുള്ള ആത്മാർത്ഥ പരിശ്രമം എല്ലാവരും നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൈ വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

എ എം ആരിഫ് എംപി മുഖ്യാതിഥിയായിരുന്നു. കാർഷികോല്പാദന കമ്മിഷണര്‍ ഇഷിത റോയ് പദ്ധതി വിശദീകരിച്ചു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, മറ്റ് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;Extensive plan­ning for agri­cul­tur­al growth: CM

You may also like this video;

Exit mobile version