Site iconSite icon Janayugom Online

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: പാര്‍ലമെന്ററി സമിതി

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടേതാണ് ശുപാര്‍ശ. എന്നാല്‍ സമിതി അംഗമായ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ശുപാര്‍ശയില്‍ വിയോജിച്ചിരുന്നു. 

ലിംഗ സമത്വം ഉറപ്പാക്കി 497 -ാം വകുപ്പ് ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് പാര്‍ലമെന്ററി സമിതിയുടെ ശുപാര­്‍ശ. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായാല്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു.
ലിംഗ സമത്വം ഉറപ്പാക്കുകയാണെങ്കിലും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ ചിദംബരം എതിര്‍ത്തു. സുപ്രീം കോടതി വിധി മറികടക്കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാഹം പരിശുദ്ധമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളുടേയും നിലപാട്.

ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ വ്യവസ്ഥയില്ല. ഇതും പരിഹരിക്കണമെന്ന് രാജ്യസഭാ അംഗവും ബിജെപി നേതാവുമായ ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നിര്‍ബന്ധിച്ച്‌ ബലപ്രയോഗത്തിലൂടെ സ്വവര്‍ഗ രതി നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകും എന്നും കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Extra­mar­i­tal sex should be crim­i­nalised: Par­lia­men­tary committee

You may also like this video

Exit mobile version