Site iconSite icon Janayugom Online

ഒമിക്രോൺ; വിമാനത്താവളങ്ങളില്‍ അതിജാഗ്രത

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന കർശനമാക്കി.വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളങ്ങളിൽ വച്ച് തന്നെ ആർടിപിസിആർ, റാപ്പിഡ് പരിശോധനകൾക്ക് വിധേയരാകണം. ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകുവാൻ അനുവദിക്കൂ. കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലേക്ക് മാറ്റും. പിന്നീട് ഒമിക്രോൺ പരിശോധനകൾക്ക് വിധേയരാക്കും. 

ഒമിക്രോൺ ബാധ രൂക്ഷമായ 12 റിസ്ക് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം എത്തിയത് 4407 യാത്രക്കാരാണ്. ഇവരെ കോവിഡ് പരിശോധനകൾക്ക് വിധേയരാക്കിയപ്പോൾ 10 പേർ പോസിറ്റീവായി. ഇവരെ ഒമിക്രോൺ പരിശോധനകൾക്കും വിധേയരാക്കി. ഇതിൽ രണ്ട് പേരുടെ ഫലമാണ് ഞായറാഴ്ച ലഭിച്ചത്. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എട്ടുപേരുടെ ഫലം പുറത്തുവരാനുണ്ട്.സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച് ഐസൊലേഷനിൽ കഴിയുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. യുകെയിൽ നിന്ന് ഡിസംബർ ആറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ 39 വയസുള്ള കാക്കനാട് വാഴക്കാല സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി 100 ബെഡുകൾ ക്രമീകരിച്ചു. സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
eng­lish sum­ma­ry; Extreme cau­tion at air­ports due to omicron
you may also like this video;

Exit mobile version