പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ 11 രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ നിർദ്ദേശം നൽകി. ഇറാൻ, ഇസ്രായേൽ, ലെബനൻ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഒഴിവാക്കേണ്ടത്. ഈ രാജ്യങ്ങളുടെ ആകാശപരിധിയിലൂടെയുള്ള എല്ലാ ഉയരത്തിലുള്ള വിമാന സർവീസുകൾക്കും നിയന്ത്രണം ബാധകമാണ്.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുറപ്പെടുവിച്ച സുരക്ഷാ ബുള്ളറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. സൈനിക നീക്കങ്ങൾക്കിടയിൽ സിവിലിയൻ വിമാനങ്ങളെ തെറ്റായി തിരിച്ചറിയാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത മുൻനിർത്തിയാണ് ഈ അടിയന്തര ജാഗ്രത. നിലവിലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമയാന മേഖലയ്ക്ക് വലിയ ഭീഷണിയാണെന്നും മാർച്ച് 2 വരെ ഈ നിയന്ത്രണം കർശനമായി തുടരണമെന്നും ഡിജിസിഎ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്ത്യൻ വിമാന സർവീസുകളെ ഈ തീരുമാനം കാര്യമായി ബാധിക്കും.

