Site iconSite icon Janayugom Online

ധനകാര്യ മേഖലയില്‍ വേണ്ടത് നിതാന്ത ജാഗ്രത

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതിയുടെ ഏറ്റവുമൊടുവില്‍ നടന്ന യോഗം അറിയിച്ചത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം ഡിമാന്‍ഡ് ശക്തമായ നിലയില്‍ തുടരുകയാണെന്നാണ്. ജിഡിപി വളര്‍ച്ചാനിരക്ക് 6.5 ശതമാനമാണെന്ന് സൂചിപ്പിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, പണപ്പെരുപ്പനിരക്ക് ലക്ഷ്യമിട്ട നാല് ശതമാനം കടന്ന് 5.2 ശതമാനത്തിലെത്തി നില്‍ക്കുകയാണെന്നും സൂചിപ്പിച്ചു. പണനയ സമിതി, ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തുന്നതിന് താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ തീരുമാനം ആഗോളതലത്തില്‍ മറ്റു കേന്ദ്ര ബാങ്കുകളുടെ നയസമീപനത്തില്‍ നിന്നും വേറിട്ട ഒന്നാണെന്ന് തോന്നുന്നു. ഒരര്‍ത്ഥത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിലപാടിലെ‍ വൈരുധ്യത്തില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം ശക്തികാന്ത ദാസ് ഒരേ സമയം അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത് തുല്യനിലയില്‍ ഗൗരവതരമായ മൂന്നു പ്രശ്നങ്ങളാണ്. ഒന്ന്, വളര്‍ച്ചാനിരക്ക് സുരക്ഷിതമായി നിലനിര്‍ത്തുകയും ഉയര്‍ത്തുകയും, രണ്ട്, ഗുരുതരമായി തുടരുന്ന പണപ്പെരുപ്പത്തിന് കടിഞ്ഞാണിടണം. മൂന്ന്, ധനകാര്യ സ്ഥിരത ഉറപ്പാക്കണം. ലോകപ്രസിദ്ധി നേടിയ മാന്ത്രികന്‍ ഹൗഡിനിക്കുപോലും കഴിയുമെന്ന് ഉറപ്പില്ലാത്ത മാജിക് ആയിരിക്കുമിത്.
ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ആശ്രയിക്കാന്‍ കഴിയുന്ന ഏക മാര്‍ഗം പലിശ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുക എന്നതാണ്. ഈ മാര്‍ഗമാണെങ്കില്‍ തുടര്‍ച്ചയായി ആശ്രയിക്കാനാവുകയുമില്ല. പലിശനിരക്കിലെ മാറ്റങ്ങള്‍ ശാശ്വതമായ സ്ഥിതിവിശേഷത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെയും അതിന്റെ വ്യത്യസ്ത മേഖലകളെയും നയിക്കുമെന്നു കരുതേണ്ടതില്ല. എംപിസിയും പലിശനിരക്കുകളിലെ മാറ്റങ്ങളും എന്തെങ്കിലും അനുകൂല ഫലങ്ങള്‍ക്ക് വഴിയൊരുക്കണമെങ്കില്‍ ബന്ധപ്പെട്ട മേഖലകള്‍ സംബന്ധമായി കൃത്യമായ വിവരങ്ങളും കണക്കുകളും ലഭ്യമായിരിക്കേണ്ടതും അനിവാര്യമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചാണെങ്കില്‍ ഈവക കാര്യങ്ങളില്‍ യാതൊരുവിധ ഉറപ്പും നല്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ, പുതിയ നയത്തിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥയില്‍ വരുംനാളുകളില്‍ ഏത് വിധത്തിലുള്ള മാറ്റമാണുണ്ടാവുകയെന്ന് വ്യക്തമായി കണ്ടെത്താനും ഇടമില്ലെന്നതാണ് സ്ഥിതി. എംപിസി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തുന്ന ആര്‍ബിഐ ഗവര്‍ണര്‍ അടക്കമുള്ളവരുടെ നിസഹായാവസ്ഥയാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: സാമ്പത്തിക സമീപനത്തില്‍ കേരളം വ്യത്യസ്തം


1987ല്‍ അന്നത്തെ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരുന്ന അലന്‍ ഗ്രീന്‍സ്പ‌ാന്‍ പറഞ്ഞ വാക്കുകള്‍ ആര്‍ബിഐ ചെയര്‍മാന്‍ ശക്തികാന്ത ദാസിന്റെ വാക്കുകള്‍ക്ക് സമാനമായതാണ്. അക്കാലത്ത് ഫെഡറല്‍ റിസര്‍വിന്റെ നയവും ആഗോളതലത്തില്‍ മറ്റ് കേന്ദ്ര ബാങ്കുകള്‍ പിന്‍തുടര്‍ന്നുവന്നിരുന്ന നയങ്ങളും തമ്മില്‍ വലിയ പൊരുത്തക്കേട് നിലനിന്നിരുന്നു. ഇതില്‍ കൃത്യമായ വിശദീകരണത്തിന് ഫെഡറല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതേഅവസരത്തില്‍ നിശബ്ദമായിരിക്കാനും കഴി‍യില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിന്നും തലയൂരാനുള്ള ശ്രമമെന്ന നിലയിലാണ് ഫെഡറല്‍ റിസര്‍വ് പലിശനയത്തെ വെറുമൊരു ശ്രദ്ധതിരിക്കല്‍ തന്ത്രമായി അലന്‍ ഗ്രീന്‍സ്പാന്‍ അക്കാലത്ത് വിശേഷിപ്പിച്ചത്. ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ആര്‍ബിഐയുടെ പണനയ സമിതി സ്വീകരിച്ചിട്ടുള്ള അടവുനയവും താല്‍ക്കാലികമായൊരു രക്ഷാമാര്‍ഗം തന്നെയാണ്.
ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിലവിലിരിക്കുന്ന പണപ്പെരുപ്പ നിരക്ക്, പരമാവധി നിരക്കായ നാല് ശതമാനത്തിലേറെയാണ്. അതായത് 6.5 ശതമാനം. ഇനി ഇത് 5.2 ശതമാനമാണെന്ന് ചില ഏജന്‍സികള്‍ അവകാശപ്പെടുന്നത് അംഗീകരിച്ചാല്‍ തന്നെയും അത് സാധൂകരിക്കാന്‍ സാധ്യമല്ല. പണപ്പെരുപ്പം പരിധികടന്നാല്‍ അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാകും. ഉദാഹരണത്തിന് ചൈനയ്ക്ക് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ കഴിഞ്ഞത് പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിലോ താഴെയോ ആയി നിലനിര്‍ത്താന്‍ കഴിഞ്ഞതുകൊണ്ടായിരുന്നു എന്നാണ് ചരിത്രം നല്‍കുന്ന പാഠം. രണ്ടു ദശകക്കാലം ഈ സ്ഥിതി ചൈനീസ് ഭരണകൂടത്തിന് നിലനിര്‍ത്താനും കഴിഞ്ഞിരുന്നു. ഇന്ത്യയിലെ കേന്ദ്ര ബാങ്കും മോഡി സര്‍ക്കാരും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തിരുത്തല്‍ വരുത്തുന്നതില്‍ വിജയിച്ചേക്കാം. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ ചരിത്രം അവര്‍ക്ക് ഒരിക്കലും തിരുത്തിക്കുറിക്കാന്‍ കഴിയില്ലല്ലോ.


ഇതുകൂടി വായിക്കൂ: ലോക സാമ്പത്തിക ഉച്ചകോടി സര്‍വേ; മാന്ദ്യം പിടിമുറുക്കും


ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം ഇതിനു മുമ്പ് പലപ്പോഴായി നടത്തിയിട്ടുള്ള പണപ്പെരുപ്പം സംബന്ധമായ പ്രവചനങ്ങള്‍ പാളിപ്പോയ അനുഭവങ്ങളാണുള്ളത്. ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് നിശ്ചിത പരിധിയിലേറെയാണെങ്കിലും നിലവിലുള്ള ആഗോള ഭൗമ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ അത്രയേറെ ഭയാശങ്കകള്‍ക്കിട നല്‍കുന്നതല്ല എന്ന ആര്‍ബിഐയുടെ നിഗമനവും ശരിവയ്ക്കാന്‍ പ്രയാസമാണ്. കാരണം, ഇതാദ്യത്തെ അവിശ്വസനീയമായ കണക്കുകൂട്ടലല്ല ആര്‍ബിഐയില്‍ നിന്നു പുറത്തുവന്നിട്ടുള്ളത്. 2022 ഏപ്രില്‍ മാസത്തില്‍ ആര്‍ബിഐയുടെ ഉദാരമായ വായ്പാനയത്തിന് നീതീകരണമായി ചൂണ്ടിക്കാട്ടിയത് മറ്റു തരത്തിലുള്ള ഔദാര്യങ്ങളെല്ലാം ഒരു പരിധിവരെ പിന്‍വലിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അതിനാല്‍ 5.7 ശതമാനം പണപ്പെരുപ്പം 2022–23 ധനകാര്യ വര്‍ഷത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കൊന്നും വഴിയൊരുക്കില്ലെന്ന വാദമുന്നയിച്ച് നീതീകരിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയായിരുന്നു. അതേ ധനകാര്യ വര്‍ഷാന്ത്യത്തില്‍ പണപ്പെരുപ്പ നിരക്ക് 6.8 ശതമാനം വരെയായി കുതിച്ചുയരുകയും ചെയ്തു.
ഇന്ത്യയില്‍ പണപ്പെരുപ്പത്തിനിടയാക്കുക സര്‍ക്കാര്‍ വായ്പകള്‍ക്കു പുറമെ ലിക്വിഡിറ്റിയിലെ വര്‍ധനവും മണ്‍സൂണ്‍ ചാഞ്ചാട്ടവും കാര്‍ഷികോല്പാദനങ്ങളുടെ വിലവര്‍ധനവും കൂടിയാണ്. ലോക രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പാല്‍ ഉല്പാദക രാജ്യമായ ഇന്ത്യ തന്നെ പാല്‍ ഉല്പന്നങ്ങള്‍ വന്‍തോതിലാണ് ഇറക്കുമതി ചെയ്തുവരുന്നതെന്ന വൈരുധ്യം കൂടിയുണ്ട്. ഇത്തരം സപ്ലൈ ഡിമാന്‍ഡ് അന്തരങ്ങള്‍ നീക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. എന്നാല്‍ ഇവിടെയും വെല്ലുവിളികള്‍ ചെറുതല്ല. ഉദാഹരണത്തിന് കന്നുകാലികളുടെ രോഗങ്ങളില്‍ കാണപ്പെടുന്ന വന്‍തോതിലുള്ള വര്‍ധനവും അതിനാവശ്യമായ പണത്തിന്റെ ലഭ്യതയിലും വിനിയോഗത്തിലുമുള്ള പോരായ്മകളും നിസാരമായ വെല്ലുവിളികളല്ല ഉയര്‍ത്തുന്നത്. പാലിന്റെയും പാലുല്പന്നങ്ങളുടെയും അപര്യാപ്തതയുടെ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളും സഹായകമല്ല.
ബാങ്കുകളില്‍ നിന്നും പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബാങ്ക് വായ്പയില്‍ വര്‍ധനവുണ്ടെന്നത് സ്വാഗതാര്‍ഹമായൊരു മാറ്റമാണെങ്കില്‍ത്തന്നെയും കാലാകാലങ്ങളില്‍ ആര്‍ബിഐയുടെ പണനയ സമിതി പ്രഖ്യാപിക്കുന്ന പലിശനിരക്ക് വര്‍ധനവിന്റെ ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് നിക്ഷേപകരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന ഗുരുതരമായൊരു പ്രതിസന്ധിയുമുണ്ട്. ഇതേത്തുടര്‍ന്ന് സമ്പാദ്യനിരക്കുകളിലും നിക്ഷേപത്തിലും കുത്തനെയുള്ള ഇടിവാണ് പലപ്പോഴും രേഖപ്പെടുത്തിക്കാണുന്നത്. ഈ വിധത്തിലുള്ള അനിശ്ചിതത്വങ്ങളും പ്രതിബന്ധങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ക്കാണ് വഴിയൊരുക്കുന്നതെന്നും നാം തിരിച്ചറിയാതിരുന്നുകൂടാ. ആര്‍ബിഐ ഗവര്‍ണര്‍ ഇത്തരമൊരു പശ്ചാത്തലം സംബന്ധിച്ച് പലപ്പോഴും നേരിട്ടല്ലെങ്കിലും പരോക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുമുണ്ട്. സ്വാഭാവികമായും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്രയിക്കേണ്ടിവരിക ഉയര്‍ന്നതോതിലുള്ള ആഗോള വളര്‍ച്ചയെയാണ് എന്നതും ഒരു വസ്തുതയാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


അതേ അവസരത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു രക്ഷാമാര്‍ഗവും നഷ്ടപ്പെട്ടിരിക്കുകയാണെന്നു പറയേണ്ടിവന്നിരിക്കുകയാണ്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും മേധാവികളുടെ വിലയിരുത്തലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണെന്നതുതന്നെയാണ്. ഏപ്രില്‍ രണ്ടാം വാരത്തില്‍ നാണയനിധിയുടെ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയേവ അഭിപ്രായപ്പെട്ടിരിക്കുന്നത്, ആഗോള വളര്‍ച്ചാനിരക്ക് നടപ്പുവര്‍ഷത്തില്‍ മാത്രമല്ല, വരുന്ന അഞ്ചു വര്‍ഷക്കാലയളവിലും മൂന്നു ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുമെന്നാണ്. അതേ അവസരത്തില്‍തന്നെ ഒരു ലോക ബാങ്ക് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്, സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായ സാഹചര്യങ്ങള്‍ ബലഹീനമായി വരികയാണെന്നും 2022–30 കാലയളവില്‍ ആഗോള വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുകയും അത് പ്രതിവര്‍ഷം 2.2 ശതമാനമായി രൂപാന്തരപ്പെടുകയും ചെയ്യുമെന്നുമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായൊരു ആഗോള സ്ഥിതിവിശേഷമാണിതെന്നതില്‍ സംശയമില്ല.
അതേ അവസരത്തില്‍ തന്നെ തീര്‍ത്തും അനിശ്ചിതത്വത്തില്‍ തുടരുന്നത് ലോകത്തിലെ ഏറ്റവും മുന്നണിയില്‍ നിലകൊള്ളുന്ന രണ്ട് സാമ്പത്തിക ശക്തികളായ ചൈനയുടെയും അമേരിക്കയുടെയും സമ്പദ്‌വ്യവസ്ഥകളാണ്. ഇവയുടെ ഭാവി പ്രവചനത്തിനതീതമായി തുടരുന്നതിനാല്‍ മൂലധനത്തിന്റെയും ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയും എല്ലാവിധ കണക്കുകൂട്ടലുകള്‍ക്കും അതീതമായി തുടരുകയാണ്. യുഎസ് വിപണികളാണെങ്കില്‍ പ്രത്യാശയുടെയും നിരാശയുടെയും പരസ്പരവിരുദ്ധമായ ഗതിവിഗതികളില്‍ അകപ്പെട്ട് ഉഴലുകയുമാണ്. ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍‍ പണപ്പെരുപ്പം കൂടുതല്‍ ഗുരുതരാവസ്ഥയിലാകും. നിരക്കുയര്‍ത്തിയാല്‍ ആസ്തികളുടെ മൂല്യത്തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക.
പണത്തിന്റെ ലഭ്യത ഉയരാനിടയായാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കുതിച്ചുയരുകയും നിയമവിധേയമല്ലാത്ത പലവിധ തിരിമറികളും വര്‍ധിക്കുകയും ചെയ്യും. ഇതിലേക്കായി പൊതു, സ്വകാര്യ വിപണികളില്‍ നിന്നും ഫണ്ടുകളുടെ ഒഴുക്കും നിയന്ത്രണാതീതമായി മാറും. ഇത്തരം ഇടപാടുകള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ തുടര്‍ന്ന് മൂലധന പ്രവാഹവും വ്യാപാരവും കറന്‍സികളുടെ ലഭ്യതയും വമ്പിച്ച പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യും.
ബാങ്കിങ്-ധനകാര്യ മേഖലാ സ്ഥിരത നിലനിര്‍ത്തുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. യുഎസിലെ സിലിക്കണ്‍വാലി ബാങ്ക് തകര്‍ച്ചയും തൊട്ടുപിന്നാലെ യൂറോപ്പിലെ ക്രെഡിറ്റ് സ്യൂസ് ബാങ്കിന്റെ പതനവും തന്നെ ഉദാഹരണം. ഇന്ത്യ താല്‍ക്കാലികമായി ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ടു നില്ക്കുകയാണെന്നോര്‍ത്ത് ആശ്വസിക്കാമെങ്കിലും എത്രനാള്‍ എന്നതില്‍ വ്യക്തതയൊന്നുമില്ല. നിതാന്ത ജാഗ്രതയാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

Exit mobile version