ചൂട് കനത്തതോടെ യുകെയിലെ റോഡുകളും തകർന്നു. മാഞ്ചസ്റ്ററിലെ സ്റ്റോക്പോർട്ട് ടൗണിലെ റോഡുകളാണ് തകർന്നത്. റോഡ് നിർമ്മാണത്തന് ഉപയോഗിച്ച രാസവസ്തുക്കൾ കടുത്ത ചൂടിൽ ദ്രവരൂപത്തിലേക്ക് മാറാൻ തുടങ്ങിയതോടെയാണ് കുഴികൾ രൂപപ്പെട്ടത്.
യുകെയിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് അസ്ഫാൾട്ട് എന്ന രാസവസ്തുവാണ്. താപനിലയെ കൂടുതലായി ആഗിരണം ചെയ്യുന്ന ഇവ ചൂട് ക്രമാതീതമായി കൂടിയാൽ ദ്രവ്യരൂപത്തിലേക്ക് മാറും. എന്നാൽ, താപനില 50 ഡിഗ്രി കടന്നാൽ മാത്രമേ ഇത് സംഭവിക്കുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഉഷ്‌ണതരംഗം കനത്തതോടെ യൂറോപ്പിൽ തീപിടിത്തം വ്യാപിക്കുകയാണ്. ലണ്ടനിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതിനു പിന്നാലെ പലയിടത്തും കാട്ടുതീ വ്യാപിച്ചു. 41 വീടുകൾ അഗ്നിക്കിരയായി. നിരവധി പേരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, യുകെയിൽ ജൂലൈയിലും ആഗസ്റ്റിലും താപനില ശരാശരിയിലും ഉയരുമെന്ന പ്രവചനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് സംഭവിച്ചാൽ കൂടുതൽ റോഡുകൾ തകരാനിടയുണ്ട്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും റയിൽവേ ലൈനുകളും സ്കൂളുകളും കടുത്ത ചൂട് മൂലം അടച്ചിരുന്നു. കാലാവസ്ഥ മാറ്റം മൂലമാണ് യുകെയിൽ താപനില ക്രമാതീതമായി ഉയരുന്നതെന്നാണ് വിലയിരുത്തൽ.
തെക്കൻ യൂറോപ്പിൽ തുടരുന്ന ഉഷ്ണതരംഗത്തിൽ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിശക്തമായ ചൂടിനെ തുടർന്ന് പോർച്ചുഗലിലും സ്പെയിനിലുമായി ഇതുവരെ 1000ത്തിലധികം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിക്കവരും ഉഷ്ണതരംഗത്തെ തുടർന്നുള്ള ചൂട് താങ്ങാനാകാതെയാണ് മരിച്ചത്.
യൂറോപ്പിൽ പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും ശക്തമായി വീശുന്നത്. ഫ്രാൻസിൽ അതിഭീകരമായ കാട്ടുതീയാണ് പടരുന്നത്. ഏതാണ്ട് 11,500 പേരെ ഇതുവരെ ഒഴിപ്പിച്ചതായി ഫ്രാൻസ് അറിയിച്ചു.
English summary;extreme heat; Roads are broken in the UK
You may also like this video;