അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടന്നു. സര്‍വേയിലൂടെ സര്‍ക്കാര്‍ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യമായ സൂക്ഷ്മതല സ്പര്‍ശിയായ മൈക്രോപ്ലാൻ തയാറാക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറങ്ങി. ഓരോ കുടുംബത്തിനായും ഒരുക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് വിശദമായി നിര്‍ദേശം നല്‍കുന്നതാണ് മാര്‍ഗരേഖ. സംസ്ഥാനത്താകെ 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
സാമൂഹിക ഇടപെടലും വിവിധ വകുപ്പുകളുടെ സഹകരണത്തോടും കൂടി കുടുംബശ്രീയുടെ ചുമതലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുമാകും പദ്ധതി നടപ്പിലാക്കുക. ഓഗസ്റ്റ് 31 നകം ജില്ലാ തലത്തില്‍ ഓരോ വ്യക്തിയെയും എങ്ങനെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിതരാക്കാം എന്ന കാഴ്ചപ്പാടോടെ അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള മൈക്രോപ്ലാനുകളടക്കം തയാറാക്കി, പദ്ധതി നിര്‍വഹണത്തിലേക്ക് കടക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാകും പദ്ധതി നടപ്പിലാക്കുക.
അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രകടനപത്രികയിലെ വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നിലവിലുള്ള എല്ലാ കേന്ദ്ര‑സംസ്ഥാനാവിഷ്കൃത പദ്ധതികളുടെയും ഫലപ്രദമായ സംയോജനത്തിലൂടെയാകും അതിദാരിദ്ര്യം നിര്‍മാര്‍ജനം സാധ്യമാവുക. തദ്ദേശ സ്ഥാപന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ വ്യാപാരി-വ്യവസായി സംഘടനകള്‍, പ്രവാസി സംഘടനകള്‍, സന്നദ്ധ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹിക ഉത്തരവാദിത്തത്തിലൂടെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.
ഭക്ഷണം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളുടെ അഭാവം അടിസ്ഥാനപ്പെടുത്തിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചിട്ടുള്ളത്. ഏതൊക്കെ ഘടകങ്ങള്‍ എത്രയൊക്കെ അളവില്‍ ചേര്‍ന്നാണ് ഓരോ കുടുംബത്തിനും അതിദാരിദ്ര്യാവസ്ഥ സൃഷ്ടിക്കുന്നതെന്ന വിവരം സര്‍വേയിലൂടെ ശേഖരിച്ചു.
അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളില്‍ 43,850 ഉം (68.5 ശതമാനം) ഒരാള്‍ മാത്രമുള്ള കുടുംബങ്ങളാണ്. മലപ്പുറവും, തിരുവനന്തപുരവുമാണ് ഏറ്റവും കൂടുതല്‍ അതിദരിദ്രരുള്ള ജില്ലകളായി കണ്ടെത്തിയിട്ടുള്ളത്. 35 ശതമാനം കുടുംബങ്ങള്‍ ഒരു വരുമാന മാര്‍ഗവുമില്ലാതെ കഷ്ടത അനുഭവിക്കുന്നവരാണ്. 24 ശതമാനത്തിന് കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് കാരണം. ഇരുപത്തിയൊന്ന് ശതമാനം ആഹാര ലഭ്യതയില്ലാത്തവരും പതിനഞ്ച് ശതമാനം പേര്‍ വീട് ഇല്ലാത്തവരുമാണ്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അഞ്ച് ശതമാനം പട്ടികവര്‍ഗത്തിലും ഇരുപത് ശതമാനം പട്ടികജാതി വിഭാഗത്തിലും ഉള്ളവരാണ്.
English Summary: Extreme poverty alleviation project to second phase
You may like this video also